‘അപ്പീൽ നൽകാൻ പോലും അവസരം നൽകിയില്ല, ബംഗ്ലാദേശിലേക്ക് നാടുകടത്തിയ മുസ്‌ലിം യുവതിയെ തിരികെ കൊണ്ടുവരണം’; അസം സർക്കാർ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
ഗുവാഹത്തി: ഇന്ത്യൻ പൗരയല്ലെന്ന് ആരോപിച്ച് നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ബംഗാളി വംശജയായ മുസ്‌ലിം യുവതി മുംതാസ് ബീഗത്തെ തിരികെ ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും, അസം സർക്കാർ രണ്ട് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. വിദേശ ട്രിബ്യൂണൽ വിധിപ്പകർപ്പ് നൽകാതെയും ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമപരമായ അവകാശം നിഷേധിച്ചും നടത്തിയ നാടുകടത്തലിൽ അസം സർക്കാരിനും പോലീസിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫുകാൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നാടുകടത്തുന്ന സംഭവങ്ങളിൽ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകൾ.
അസമിലെ നഗാവോൺ ജില്ലയിലെ ജൂരിയ സ്വദേശിനിയായ മുംതാസ് ബീഗത്തെ 2019-ലാണ് ഫോറിനേഴ്‌സ് ട്രിബ്യൂണൽ ആദ്യമായി വിദേശിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഹാജരാക്കിയ മുഴുവൻ രേഖകളും പരിശോധിക്കാതെയാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈക്കോടതി കേസ് പുനഃപരിശോധിക്കാൻ ട്രിബ്യൂണലിനോട് നിർദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ മെയ് 30-ന് മുംതാസ് ബീഗം അഭിഭാഷകനൊപ്പം വീണ്ടും ട്രിബ്യൂണലിൽ ഹാജരായി. എന്നാൽ കേസ് പുനഃപരിശോധിക്കുന്നതിന് പകരം, ട്രിബ്യൂണൽ ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. അറസ്റ്റിന് കാരണമായ ഉത്തരവിന്റെ പകർപ്പ് പോലും നൽകാതെയായിരുന്നു മിനിറ്റുകൾക്കകം പോലീസിന്റെ ഈ നടപടി.
ജൂരിയ പോലീസ് സ്റ്റേഷനിലേക്കും തുടർന്ന് ഗോൾപാറയിലെ മാതിയ ഡിറ്റൻഷൻ സെന്ററിലേക്കും മാറ്റിയ ഇവരെക്കുറിച്ച് ഭർത്താവ് മുസമ്മൽ ഹഖിനെയോ കുടുംബാംഗങ്ങളെയോ പോലീസ് വിവരമറിയിച്ചില്ല. ഉത്തരവിന്റെ പകർപ്പ് ലഭിക്കാനായി ഭർത്താവ് അപേക്ഷ നൽകിയെങ്കിലും, അത് ലഭിച്ചപ്പോഴേക്കും ഇവരെ ശ്രീഭൂമി അതിർത്തിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജൂൺ 14-ന് അതിർത്തി രക്ഷാ സേനയ്ക്ക് (ബി.എസ്.എഫ്) കൈമാറിയ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുകയായിരുന്നു. മുംതാസ് ബീഗത്തെ കാണാതായതിനെ തുടർന്ന് കുടുംബം ഗുവാഹത്തി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് ഇവരെ നാടുകടത്തിയ വിവരം പുറത്തുവന്നത്.
ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെയും പോലീസിന്റെയും നടപടിയിൽ വ്യക്തമായ ദുരുദ്ദേശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധമായ രീതിയിലാണ് യുവതിയെ രാജ്യത്തിന് പുറത്തേക്ക് അയച്ചതെന്നും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ നടപടിക്രമ വീഴ്ചയാണുണ്ടായതെന്നും കോടതി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തെ കേസിൽ കക്ഷിയാക്കിയ ഹൈക്കോടതി, ബംഗ്ലാദേശിൽ നിന്നും മുംതാസ് ബീഗത്തെ കണ്ടെത്തി ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു. 60 ദിവസത്തിനകം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഇവരുടെ ഭർത്താവിന് കൈമാറണം. കൂടാതെ, ഇനിമുതൽ ഒരാളെ വിദേശിയായി പ്രഖ്യാപിച്ച് കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് അവർക്ക് വിധിപ്പകർപ്പ് സൗജന്യമായി നൽകണമെന്നും, കുടുംബാംഗങ്ങളെ വിവരം അറിയിക്കണമെന്നും കോടതി അസം പോലീസിന് കർശന നിർദേശം നൽകി.