‘കള്ളൻ പോലീസുകാരൻ തന്നെ’: സ്റ്റേഷനിലെ ഏഴ് ചാക്ക് നിരോധിത പുകയില മോഷണം പോയ കേസിൽ ട്വിസ്റ്റ്
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ അതീവ സുരക്ഷയുള്ള പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ കേസിൽ പ്രതി ഒരു പോലീസുകാരൻ തന്നെയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബത്തേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറായ സബിത്താണ് മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇയാൾ നിലവിൽ വയനാട് ജില്ല വിട്ടതായാണ് വിവരം. സംഭവത്തിൽ കുറ്റക്കാരനായ പോലീസുകാരനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഡിവൈഎസ്പി വയനാട് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) റിപ്പോർട്ട് സമർപ്പിച്ചു.
ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് പിടിച്ചെടുത്ത 13,800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കോടതി നിർദേശപ്രകാരം ബത്തേരി പോലീസ് സ്റ്റേഷനകത്ത് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 26-ന് കോടതിയിൽ നിന്ന് തിരികെ സ്റ്റേഷനിലെത്തിച്ച ഈ ചാക്കുകളാണ് പ്രോപ്പർട്ടി റൂമിൽ നിന്ന് മോഷണം പോയത്. പോലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. സ്റ്റേഷനിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ ചാക്കുകൾ ഒരു വാഹനത്തിൽ കടത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സംശയമുന സ്വാഭാവികമായും പോലീസ് ഉദ്യോഗസ്ഥനിലേക്ക് തന്നെ നീളുകയായിരുന്നു. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഈ ഉദ്യോഗസ്ഥൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.
ഡിവൈഎസ്പി എം.എം അബ്ദുൽ കരീമിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. മോഷണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ടെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും, എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണം നടത്തിയ പോലീസുകാരന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് പുറമെ, പ്രതിയെന്ന് കരുതുന്ന ഈ ഉദ്യോഗസ്ഥൻ മറ്റു ചില അനധികൃത ഇടപാടുകളിലും പങ്കാളിയാണെന്നും, ഇതിന്റെ പേരിൽ ഇയാൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും വിവരമുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.