മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13ന് സമ്പൂര്‍ണ പണിമുടക്ക്
തിരുവനന്തപുരം: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13-ന് സമ്പൂർണ പണിമുടക്കിന് ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ ചികിത്സാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, 2016 മുതലുള്ള കുടിശ്ശിക നൽകുക, പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതിന് മുൻപ് അക്കാദമിക് തസ്തികകൾ സൃഷ്ടിക്കുക, ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമാധാനപരമായ സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാലും, ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനം സ്വീകരിച്ചതിനാലുമാണ് സമ്പൂർണ പണിമുടക്കിലേക്ക് കടക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.
ഒ.പി ബഹിഷ്‌കരണം പോലുള്ള ആദ്യഘട്ട സമരങ്ങളോട് സർക്കാർ മുഖം തിരിഞ്ഞുനിന്നതോടെ രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും സംഘടന കൂട്ടിച്ചേർത്തു.