22/10/2026
[fontresizer_tawhidurrahmandear_widget]

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ ചെയർമാൻ പിടിയിൽ

 ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ ചെയർമാൻ പിടിയിൽ

തൊടുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ തൊടുപുഴ മുൻ നഗരസഭ ചെയർമാൻ ലഹരി ഉപയോഗിച്ചതിന് പിടിയിലായി. തൊടുപുഴ നഗരസഭയുടെ മുൻ ചെയർമാൻ സനീഷ് ജോർജിനെയാണ് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. വ്യാഴാഴ്‌ച രാവിലെ ഡിവൈഎസ്പിയുടെ പ്രത്യേക സംഘമാണ് ഇയാളെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. പാതയോരത്ത് ചിലർ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ മിന്നൽ പരിശോധന.

പോലീസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ ഇരുവരും ലഹരി ഉപയോഗിച്ചു കഴിഞ്ഞിരുന്നു. അതിനാൽ ഇവരുടെ കൈവശത്തുനിന്ന് നേരിട്ട് എംഡിഎംഎ കണ്ടെത്താനായില്ല. എന്നാൽ, എംഡിഎംഎ സൂക്ഷിച്ചിരുന്ന കവറും അത് ഉപയോഗിക്കുന്നതിനായി കരുതിയ പൈപ്പും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. രാസലഹരി ഉപയോഗിച്ചതിന് ഇരുവരുടെയും പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ജാമ്യത്തിൽ വിടുമെന്ന് പോലീസ് അറിയിച്ചു.

ലഹരി ഉപയോഗത്തിന് പുറമെ, സനീഷ് ജോർജിന് എംഡിഎംഎ വിൽപനയുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് സജീവമായി അന്വേഷിച്ചുവരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ദുരൂഹമായ ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജാമ്യത്തിൽ ഇറങ്ങിയാലും ഇയാൾക്കെതിരെയുള്ള തുടർ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സനീഷ് ജോർജ് തൊടുപുഴ നഗരസഭാ ചെയർമാനായത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് വിമതനായി മത്സരിച്ച് വിജയിക്കുകയും, പിന്നീട് ഇടതുമുന്നണിയുടെ പിന്തുണയോടെ നഗരസഭാ അധ്യക്ഷസ്ഥാനത്ത് എത്തുകയുമായിരുന്നു. എന്നാൽ, കൈക്കൂലി ആരോപണം ഉയർന്നതോടെ ഇയാൾക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നു. നിലവിൽ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസ് പ്രവർത്തകനായി തുടരുകയാണ് ഇയാൾ.

Also read: