‘ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവൻ ജയിലിലടക്കാനുള്ള 800 പേജുള്ള തെളിവുകൾ തന്റെ പക്കലുണ്ട്’; റിപ്പോർട്ടർ ടിവി പൂട്ടി മുദ്രവെക്കണമെന്ന് സാബു എം. ജേക്കബ്
കൊച്ചി: കേന്ദ്ര സർക്കാരിൻ്റെ സുരക്ഷാ അനുമതിയോ സംപ്രേഷണ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ടി.വി അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ട്വൻ്റി-20 പ്രസിഡൻ്റും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചാനൽ എം.ഡി ആൻ്റോ അഗസ്റ്റിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ആൻ്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവൻ ജയിലിലടക്കാൻ പര്യാപ്തമായ 800 പേജുള്ള തെളിവുകൾ തൻ്റെ പക്കലുണ്ടെന്ന് സാബു ജേക്കബ് വെളിപ്പെടുത്തി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ബിനാമി ഇടപാടുകൾക്കും വേണ്ടിയുള്ള ഒരു മറയായാണ് അഗസ്റ്റിൻ സഹോദരന്മാർ ഈ മാധ്യമസ്ഥാപനത്തെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആൻ്റോയുടെ വീട്ടിൽ നിന്നും വിദേശ കറൻസികളും മദ്യവും പിടിച്ചെടുത്തത് ഇതിന് വലിയ തെളിവാണ്. ചാനലിൻ്റെ മറവിൽ വ്യാപകമായി ഹവാല ഇടപാടുകളും മദ്യക്കടത്തുമാണ് നടക്കുന്നത്. തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെയും വ്യക്തികളെയും സ്ഥാപനങ്ങളെയും വ്യാജ വാർത്തകൾ നൽകി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ഇവരുടെ സ്ഥിരം രീതിയെന്നും, സി.ജെ റോയിയെപ്പോലുള്ള വ്യവസായികളെ ഇ.ഡിയെ ഉപയോഗിച്ച് ഇവർ ഭീഷണിപ്പെടുത്തിയെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ വലിയ പണപ്പിരിവിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ പണപ്പിരിവിൻ്റെ മറവിൽ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പ്രധാന പദ്ധതി. കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി അന്വേഷിച്ചാൽ ഇതിലും വലിയ തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവരും. ജി.എസ്.ടി വെട്ടിപ്പിലും ഹവാല കേസിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നിലവിൽ പ്രതിപ്പട്ടികയിലുള്ളതിനാൽ ഒരു ദിവസം പോലും ഈ സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ഓഫീസുകൾ പൂട്ടി മുദ്രവെക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് കിറ്റെക്സിൽ പന്ത്രണ്ട് തവണ റെയ്ഡ് നടന്നപ്പോൾ അതിനെ വലിയ രീതിയിൽ ന്യായീകരിച്ചവരാണ് ഈ ചാനലുകാർ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് ആ റെയ്ഡിനെ അനുകൂലിച്ചവർ ഇപ്പോൾ സ്വന്തം സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തപ്പോൾ വിലപിക്കുകയാണ്. മരംമുറി കേസിലടക്കം പ്രതിയായ ആൻ്റോ അഗസ്റ്റിനെ സംരക്ഷിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, പണവും മദ്യവും നൽകിയാണ് ഇവർ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.
സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആൻ്റോ അഗസ്റ്റിന് വളരെ അടുത്ത ബന്ധമുള്ളതിനാൽ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് താൻ കരുതുന്നില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. അതിനാൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. എൻ.ഡി.എയിലെ ഒരു ഘടകകക്ഷി മാത്രമായതിനാൽ ചാനൽ പൂട്ടാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.