സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപം; കുറ്റ്യാടി സ്വദേശിനി പോക്സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കുറ്റ്യാടി തൊട്ടിൽപ്പാലം വടക്കേതിൽ രമ്യ ഷിംജിത്തിനെയാണ് (36) വടക്കൻ പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, ഐ.ടി ആക്ട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി.
മുൻ സുഹൃത്തായിരുന്ന കുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇവർ നിരന്തരം അധിക്ഷേപ വീഡിയോകൾ പോസ്റ്റ് ചെയ്തത്. അടിസ്ഥാനരഹിതമായ വീഡിയോകൾ തുടർച്ചയായി വന്നതോടെ കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്ന് പുലർച്ചെ കണ്ണൂർ ഇരിട്ടിയിലുള്ള ഒരു ബന്ധുവീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങാതിരുന്ന രമ്യയെ കോടതിയുടെ അറസ്റ്റ് വാറൻ്റ് കാണിച്ചാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് വലിയ ബഹളമുണ്ടാക്കിയ ഇവർ, പോലീസ് വാഹനത്തിൽ വെച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ഇവരെ വടക്കൻ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിച്ച് ഇവർ സംസാരിക്കുന്ന നിരവധി ലൈവ് വീഡിയോകൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപും ഇവരുടെ സൈബർ ആക്രമണങ്ങൾക്ക് ഇരയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അടുത്തിടെ തൊട്ടിൽപ്പാലത്ത് എത്തി ഇവർക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.