19/10/2026
[fontresizer_tawhidurrahmandear_widget]

കിം അണ്ണൻ അറിയണ്ട! ദക്ഷിണ കൊറിയയുടെ ഹോക്കി മത്സരത്തിന് മുമ്പായി കേൾപ്പിച്ചത് ഉത്തര കൊറിയയുടെ ദേശീയഗാനം; ഏഷ്യൻ ഗെയിംസിൽ വൻ വീഴ്ച

 കിം അണ്ണൻ അറിയണ്ട! ദക്ഷിണ കൊറിയയുടെ ഹോക്കി മത്സരത്തിന് മുമ്പായി കേൾപ്പിച്ചത് ഉത്തര കൊറിയയുടെ ദേശീയഗാനം; ഏഷ്യൻ ഗെയിംസിൽ വൻ വീഴ്ച

നഗോയ: 2026 ഏഷ്യൻ ഗെയിംസ് ഹോക്കി മത്സരവേദിയിൽ സംഘാടകർക്ക് വൻ പിഴവ്. പുരുഷ ഹോക്കിയിൽ ദക്ഷിണ കൊറിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ദക്ഷിണ കൊറിയക്ക് പകരം കേൾപ്പിച്ചത് ഉത്തര കൊറിയയുടെ ദേശീയ ഗാനം. വെള്ളിയാഴ്‌ച നഗോയയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗിഫു പ്രിഫെക്‌ചറൽ ഗ്രീൻ സ്റ്റേഡിയത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ദക്ഷിണ കൊറിയയുടെ പതാകയ്ക്ക് മുന്നിൽ അണിനിരന്ന താരങ്ങൾ തങ്ങളുടെതല്ലാത്ത ദേശീയഗാനം കേട്ട് ആദ്യം അമ്പരന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന കളിക്കാരിൽ ചിലർ നെഞ്ചിൽ കൈവെച്ചും മറ്റുചിലർ തലയിൽ കൈവെച്ചും നിൽക്കുന്നത് കാണാമായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സംഘാടകർ തെറ്റ് മനസ്സിലാക്കുകയും അനൗൺസർ ഇംഗ്ലീഷിൽ മാപ്പ് പറയുകയും ചെയ്തു. ഇതിന് ശേഷം ആദ്യം ബംഗ്ലാദേശിന്റെ ദേശീയഗാനമാണ് പ്ലേ ചെയ്തത്. പിന്നീടാണ് ദക്ഷിണ കൊറിയയുടെ യഥാർത്ഥ ദേശീയഗാനം കേൾപ്പിച്ചത്. എന്നാൽ ഈ അബദ്ധങ്ങൾ കാരണം മത്സരം തുടങ്ങാൻ വൈകിയതിനാൽ, ദക്ഷിണ കൊറിയയുടെ ദേശീയഗാനം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇരു ടീമുകളോടും ഹസ്തദാനം ചെയ്ത് മത്സരത്തിന് തയ്യാറെടുക്കാൻ റഫറി നിർദ്ദേശിച്ചു. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇതൊരു വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഏഗുക്ഗ (ദക്ഷിണ കൊറിയ), ഏഗുക്ക (ഉത്തര കൊറിയ) എന്നിങ്ങനെ രണ്ട് രാജ്യങ്ങളുടെയും ദേശീയഗാനങ്ങളുടെ പേരിനുള്ള സാമ്യമാകാം ഫയലുകൾ മാറിപ്പോകാൻ കാരണമെന്ന് കരുതപ്പെടുന്നു.

സംഭവത്തിൽ കൊറിയൻ സ്പോർട്സ് ആൻഡ് ഒളിമ്പിക് കമ്മിറ്റി സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകി. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും സംഘാടകർ ഔദ്യോഗികമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു. അതേസമയം, ദേശീയഗാന വിവാദങ്ങൾക്കൊന്നും കൊറിയൻ താരങ്ങളുടെ ആത്മവിശ്വാസം കെടുത്താനായില്ല. പൂൾ എ-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അവർ ബംഗ്ലാദേശിനെ തകർത്തത്. സിം ജേ-വോൺ, ലീ ഗാങ്-സാൻ, ഓ സെ-യോങ്, ബേ സ്യൂങ്-മിൻ, യാങ് ജി-ഹുൻ എന്നിവരാണ് ദക്ഷിണ കൊറിയക്കായി ഗോളുകൾ നേടിയത്. പരിശീലകൻ മിൻ തേ-സോകിന്റെ കീഴിലിറങ്ങിയ കൊറിയൻ ടീമിന്റെ മികച്ച തുടക്കമാണിത്.

Also read: