22/10/2026
[fontresizer_tawhidurrahmandear_widget]

എംഎൽഎയുടെ ക്ഷണത്തിൽ പാലം ഉദ്ഘാടനം ചെയ്‌ത് മുൻ എംഎൽഎ; ഫലകത്തിൽ സ്വന്തം പേര് വേണ്ട, ‘പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രം

 എംഎൽഎയുടെ ക്ഷണത്തിൽ പാലം ഉദ്ഘാടനം ചെയ്‌ത് മുൻ എംഎൽഎ; ഫലകത്തിൽ സ്വന്തം പേര് വേണ്ട, ‘പൂഞ്ഞാർ എംഎൽഎ’ എന്നു മാത്രം

എരുമേലി: രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് വികസനത്തുടർച്ചയുടെ മികച്ച മാതൃകയായി എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം. എരുമേലി വലിയതോടിനു കുറുകെയുള്ള പുതിയ പാലം പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യനും മുൻ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലും ചേർന്ന് നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുൻ എം.എൽ.എയായ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഉദ്ഘാടനം ചെയ്തത്. വാഴക്കാല, ആമക്കുന്ന് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നിർമ്മാണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. അന്ന് എം.എൽ.എ ആയിരുന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇതിന്റെ പണികൾ പൂർത്തീകരിച്ചത്.

പാലം യാഥാർത്ഥ്യമാക്കിയതിന്റെ യഥാർത്ഥ അവകാശി മുൻ എം.എൽ.എയാണെന്നും, താൻ വികസനത്തുടർച്ചയുടെ ഭാഗമായി പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും എം.ജെ. സെബാസ്റ്റ്യൻ വ്യക്തമാക്കി. പാലത്തിന്റെ ഉദ്ഘാടന ഫലകത്തിൽ തന്റെ പേര് ഒഴിവാക്കണമെന്ന നിലവിലെ എം.എൽ.എയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഫലകത്തിൽ ‘പൂഞ്ഞാർ എം.എൽ.എ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2018-ലെ മഹാപ്രളയത്തിലാണ് എരുമേലി വലിയതോടിന് കുറുകെയുണ്ടായിരുന്ന പഴയ ആമക്കുന്ന് പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചത്. കേടുപാടുകൾ തീർത്ത് പാലം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 15.5 മീറ്റർ നീളത്തിൽ പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. പുതിയ പാലം യാഥാർത്ഥ്യമായതോടെ വാഴക്കാല, ആമക്കുന്ന് ഭാഗങ്ങളിൽ താമസിക്കുന്ന മുന്നൂറിലധികം കുടുംബങ്ങൾക്കാണ് സുഗമമായ യാത്രാസൗകര്യം ലഭ്യമായിരിക്കുന്നത്.

Also read: