ആശാൻ പണി തുടങ്ങി; ഫ്രാൻസ് താരങ്ങളുടെ ഫാഷൻ ഷോയ്ക്ക് പൂട്ടിട്ട് സിദാൻ; പരിശീലന ക്യാമ്പിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം
പാരീസ്: റയൽ മഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷം മറ്റൊരു ക്ലബ്ബിന്റെയും ചുമതലയേൽക്കാതെ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുൻ ഇതിഹാസ താരം സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ടീമിൽ സമൂലമായ മാറ്റങ്ങൾക്ക് തുടക്കമിട്ട സിദാൻ, കളിക്കാരുടെ ശ്രദ്ധ പൂർണ്ണമായും ഫുട്ബോളിൽ മാത്രം കേന്ദ്രീകരിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫ്രാൻസിന്റെ ഔദ്യോഗിക പരിശീലന ക്യാമ്പായ ക്ലെയർഫോണ്ടെയ്നിൽ മാധ്യമങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും സിദാൻ കർശന വിലക്കേർപ്പെടുത്തി.
പരിശീലനത്തിന് മുന്നോടിയായി താരങ്ങൾ ലോക്കർ റൂമിലേക്ക് വരുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളും അവരുടെ ഫാഷൻ ശൈലികളും പകർത്തി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നാണ് മാധ്യമപ്രവർത്തകരെ പൂർണ്ണമായി വിലക്കിയത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗമായിരുന്ന ഫ്രഞ്ച് ടീമിന്റെ ‘പ്രീ-ട്രെയിനിങ് ഫാഷൻ ഷോ’കൾക്ക് ഔദ്യോഗികമായി തിരശ്ശീല വീണു.
ദിദിയർ ദെഷാംപ്സിന്റെ 12 വർഷത്തെ പരിശീലന കാലയളവിൽ , പ്രത്യേകിച്ച് അവസാന വർഷങ്ങളിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ബോധമുള്ള ടീമെന്ന ഖ്യാതി ഫ്രഞ്ച് സംഘം സ്വന്തമാക്കിയത്. മാർക്കസ് തുറാം ലൂയി വിറ്റൺ വസ്ത്രങ്ങളിലും, മൈക്കൽ ഒലിസെ മിയു മിയു ബ്രാൻഡിലും, കിലിയൻ എംബാപ്പെ ഡിയോർ വസ്ത്രങ്ങളിലുമൊക്കെ പരിശീലനത്തിനെത്തുന്ന ചിത്രങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. ഹെർമെസിന്റെ കെല്ലി, ബിർക്കിൻ ബാഗുകൾ കൈയിലേന്തി ലോകോത്തര ആഡംബര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ധരിച്ചാണ് ഫ്രഞ്ച് താരങ്ങൾ ക്യാമ്പിലേക്ക് എത്താറുണ്ടായിരുന്നത്. കളിക്കളത്തിലെ മികവിനൊപ്പം ജീവിതശൈലിയിലും തങ്ങൾ മുൻപന്തിയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരങ്ങളുടെ ഈ വസ്ത്രധാരണം.
ഫുട്ബോളിലെ ബാഹ്യമായ ഗ്ലാമറിനേക്കാളും ഫാഷനേക്കാളും കളിക്കളത്തിലെ മികച്ച പ്രകടനത്തിന് മാത്രം പ്രാധാന്യം നൽകുന്ന ആരാധകർക്ക് സിദാന്റെ ഈ നീക്കം വലിയ ആശ്വാസമാണ് നൽകുന്നത്. കളിക്കാർ അനാവശ്യമായ മാധ്യമശ്രദ്ധയിൽ നിന്ന് വിട്ടുനിന്ന് കളിയെ മാത്രം ഗൗരവമായി കാണാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഫുട്ബോളിലെ നാടകീയതയും താരങ്ങളുടെ ഫാഷൻ നിമിഷങ്ങളും ആഘോഷമാക്കിയിരുന്ന ആരാധകരെയും ഫാഷൻ പ്രേമികളെയും കടുത്ത നിരാശയിലാക്കുന്നതാണ് ക്ലെയർഫോണ്ടെയ്നിൽ സിദാൻ പ്രഖ്യാപിച്ച ഈ കർശന മാധ്യമവിലക്ക്.