22/10/2026
[fontresizer_tawhidurrahmandear_widget]

സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് കാണാതായ സംഭവം; പോലീസുകാരൻ പിടിയിൽ

 സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് കാണാതായ സംഭവം; പോലീസുകാരൻ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കാണാതായ കേസിൽ പോലീസുകാരൻ പിടിയിൽ. ഒളിവിലായിരുന്ന പോലീസുകാരൻ സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.

സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ സബിത്തിന് സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ സബിത് ഒളിവിൽ പോയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ഈ കേസിൽ സബിത്തിനെ ബലിയാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. സ്റ്റേഷനിൽ കാർ കഴുകുന്നതിനിടെ ചാക്കിൽ സൂക്ഷിച്ചിരുന്ന ഹാൻസിന്റെ രൂക്ഷഗന്ധം ശ്രദ്ധയിൽപ്പെട്ട സബിത്, അവ അവിടെനിന്നും മാറ്റി സ്റ്റോർറൂമിന് സമീപത്തേക്ക് വെക്കുക മാത്രമാണ് ചെയ്തതെന്നാണ് അഭിഭാഷകന്റെ വിശദീകരണം. ഇതിന് ശേഷം സബിത് അവധിയിൽ പോയി. മാസങ്ങൾക്കുശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന് കണ്ടെത്തിയത്.

തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും, വിവരമറിഞ്ഞ് സബിത് സ്റ്റേഷൻ ഹൗസ് ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അഭിഭാഷകൻ പറഞ്ഞു. സബിത് ഒളിവിലായിരുന്നു എന്ന പോലീസിന്റെ വാദവും അദ്ദേഹം നിഷേധിച്ചു. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ മറച്ചുവെക്കാൻ സബിത്തിനെ കരുവാക്കുകയാണെന്നും കേസിൽ നീതിപൂർവകമായ അന്വേഷണം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

Also read: