22/10/2026
[fontresizer_tawhidurrahmandear_widget]

പനങ്കുരുവിന് വൻ ഡിമാൻഡ്; ഗുണനിലവാരമുള്ള ഉണക്കക്കുരുവിന് കിലോയ്ക്ക് 90 രൂപ വരെ വില

 പനങ്കുരുവിന് വൻ ഡിമാൻഡ്; ഗുണനിലവാരമുള്ള ഉണക്കക്കുരുവിന് കിലോയ്ക്ക് 90 രൂപ വരെ വില

പനമരം: കൃഷിയിടങ്ങളിൽ ആർക്കും വേണ്ടാതെ വീണു നശിച്ചിരുന്ന പനങ്കുരുവിന് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്. പച്ചക്കുരുവിന് കിലോയ്ക്ക് 13 മുതൽ 15 രൂപ വരെയാണ് നിലവിലെ വില. ഇത് വെള്ളത്തിലിട്ട് ചീയിച്ച് തൊലികളഞ്ഞ് പരിപ്പാക്കി മാറ്റിയാൽ 45 മുതൽ 60 രൂപ വരെ ലഭിക്കും. അതേസമയം, ഉയർന്ന ഗുണനിലവാരമുള്ള ഒന്നാംതരം ഉണക്കക്കുരുവിന് വിപണിയിൽ കിലോയ്ക്ക് 90 രൂപ വരെ വില ലഭിക്കുന്നുണ്ട്. വയനാട്ടിലെ പനമരം, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിൽ പനങ്കുരു അന്വേഷിച്ച് നിരവധി ഇടനിലക്കാരാണ് ഇപ്പോൾ എത്തുന്നത്.

നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഇതിന്റെ വിളവെടുപ്പ് ഏറെ ശ്രമകരമാണ്. ഉയരം കൂടിയ പനകളിൽ കയറാൻ വിദഗ്‌ധരായ തൊഴിലാളികൾ തന്നെ വേണം. പനങ്കുല വെട്ടിയെടുക്കുമ്പോൾ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ കാരണം സാധാരണ തൊഴിലാളികൾ ഇതിന് തയ്യാറാകാറില്ല. എന്നാൽ മികച്ച കൂലി ലഭിക്കുന്നതിനാൽ ഇത് ഉപജീവനമാർഗമാക്കിയവരും ഗ്രാമങ്ങളിലുണ്ട്. കൃത്യമായി സംസ്കരിച്ചെടുത്താൽ ഒരു പനയിൽ നിന്ന് മാത്രം 2,000 മുതൽ 5,000 രൂപ വരെ കർഷകർക്ക് വരുമാനമായി ലഭിക്കും.

വിവിധതരം പശകൾ, പെയിന്റുകൾ എന്നിവയുടെ നിർമ്മാണത്തിനും ഉത്തരേന്ത്യയിൽ സുഗന്ധമുറുക്ക്, പാൻമസാലകൾ എന്നിവയിലെ പ്രധാന ചേരുവയായുമാണ് പനങ്കുരു വൻതോതിൽ ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിന്റെ ഡിമാൻഡ് വർധിച്ചതാണ് വയനാടൻ ഗ്രാമങ്ങളിലെ കർഷകർക്കും അനുഗ്രഹമായത്. ജില്ലയിൽ ഇതിനായി കൂടുതൽ വിപണന സൗകര്യങ്ങളും സംസ്‌കരണ കേന്ദ്രങ്ങളും ഒരുക്കിയാൽ കർഷകർക്കും തൊഴിലാളികൾക്കും ഇതൊരു മികച്ച വരുമാനമാർഗമായി മാറുമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

Also read: