ഡൽഹിയിൽ വീണ്ടും ക്രൂരപീഡനം; പ്രാർഥന കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പാർക്കിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പെൺകുട്ടിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം. ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ചാണ് 17 വയസ്സുകാരി അതിക്രൂരമായ പീഡനത്തിന് ഇരയായത്. തങ്ങൾ പോലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ സമീപിച്ച മൂന്നംഗ സംഘമാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം കൽക്കാജി ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് എത്തിയതായിരുന്നു ഡൽഹി സ്വദേശിയായ പെൺകുട്ടി. ക്ഷേത്രദർശനത്തിന് ശേഷം രാത്രി 7.30 ഓടെ ഇരുവരും കൽക്കാജി ക്ഷേത്രത്തിനും ഇസ്കോൺ ക്ഷേത്രത്തിനും ഇടയിലുള്ള ആസ്ഥാ കുഞ്ജ് പാർക്കിലെത്തി. ഈ സമയം അവിടെയെത്തിയ മൂന്ന് യുവാക്കൾ തങ്ങൾ പൊലീസുകാരാണെന്ന് അവകാശപ്പെടുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പാർക്കിനുള്ളിലെ ഇരുട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾക്ക് 25-നും 30-നും ഇടയിലാണ് പ്രായമെന്ന് പൊലീസ് പറയുന്നു.
വിവരമറിഞ്ഞ് രാത്രി 8.45 ഓടെ പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന് ശേഷം പാർക്കിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. രാജ്യതലസ്ഥാനത്ത് കേവലം ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കൂട്ടബലാത്സംഗക്കേസാണിത്. ദിവസങ്ങൾക്ക് മുൻപ് ഓടുന്ന ബസിൽ വെച്ചും, സ്വരൂപ് നഗറിലും സമാനമായ രീതിയിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിരുന്നു.