ബൂട്ടണിയേണ്ട മൈതാനത്തേക്ക് ചേതനയറ്റ് അവൻ വന്നു; കോഴിക്കോടിനെ കണ്ണീരിലാഴ്ത്തി റിജോണിന് വിട
കോഴിക്കോട്: ആരവങ്ങൾക്കും ആവേശങ്ങൾക്കുമിടയിലൂടെ ബൂട്ടണിഞ്ഞ് കളത്തിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കാലിക്കറ്റ് എഫ്.സി.യുടെ പ്രതിരോധ താരം റിജോൺ ജോസ് യാത്രയായി. ആദ്യമത്സരത്തിനായി തയ്യാറെടുത്തിരുന്ന കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് റിജോൺ എത്തിയത് ജീവനറ്റ ശരീരമായാണ്. വാഹനാപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ ഈ 29-കാരനെ അവസാനമായി ഒരുനോക്ക് കാണാൻ തിങ്കളാഴ്ച വൈകീട്ട് സ്റ്റേഡിയത്തിലേക്ക് ആരാധകരും കായികപ്രേമികളും ഒഴുകിയെത്തി.
വൈകീട്ട് 4.30-യോടെയാണ് റിജോണിന്റെ മൃതദേഹം പൊതുദർശനത്തിനായി ഇ.എം.എസ്. സ്റ്റേഡിയത്തിൽ എത്തിച്ചത്. പ്രിയപ്പെട്ട കൂട്ടുകാരനെ ചേതനയറ്റ നിലയിൽ കണ്ടപ്പോൾ സഹതാരങ്ങൾക്ക് കണ്ണീരടക്കാനായില്ല. പലരും വിതുമ്പിക്കരഞ്ഞു. കോച്ച് അഡ്രിയാനോ ഡിമാൾഡെ, അസിസ്റ്റൻ്റ് കോച്ച് ബിബി തോമസ്, ഗോൾ കീപ്പിങ് കോച്ച് നെൽസൺ തുടങ്ങിയവർ ഒന്നും മിണ്ടാനാകാതെ, വേദനയോടെ റിജോണിനെ നോക്കിനിന്നു.
കാലിക്കറ്റ് എഫ്.സി.യുടെ പുതിയ സീസൺ 25-ന് ആരംഭിക്കാനിരിക്കെയാണ് ഈ ദാരുണാന്ത്യം. 26-ന് ഇ.എം.എസ്. സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയായിരുന്നു റിജോൺ കളിക്കേണ്ടിയിരുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനമാണ് ഈ പ്രതിരോധ താരം പുറത്തെടുത്തിരുന്നത്. ഇക്കഴിഞ്ഞ 18-നാണ് പുതിയ സീസണിലേക്കുള്ള ടീമംഗങ്ങളെ കോഴിക്കോട് ബീച്ചിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ വേദിയിൽ നിന്ന് അധികം അകലെയല്ലാതെയാണ് റിജോണിന്റെ ജീവൻ പൊലിഞ്ഞതെന്നത് നൊമ്പരമായി.
പരിശീലനത്തിനായി ദിവസങ്ങൾക്കുമുൻപ് കോഴിക്കോട്ടെത്തിയതായിരുന്നു റിജോൺ. അവധിദിവസമായ ഞായറാഴ്ച രാത്രി സഹതാരം ഗനി അഹമ്മദ് നിഗത്തിനൊപ്പം ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. കനത്ത മഴയ്ക്കിടയിൽ ഗാന്ധിറോഡ് മേൽപ്പാലത്തിൽവെച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ടീം മാനേജർ ഇബ്നു ഹാരിസിൻ്റെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
റിജോണിന്റെ വേർപാടിൽ ക്ലബ്ബ് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. കെ. ജയന്ത് എം.എൽ.എ, ജനപ്രതിനിധികൾ, കായിക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ബിനോജോസിൻ്റെ വേർപാടിന്റെ നടുക്കം മാറുംമുൻപേ..
കാലിക്കറ്റ് എഫ്.സി. ക്ലബ്ബ് സെക്രട്ടറി ബിനോജോസ് ഈപ്പന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപാണ് ക്ലബ്ബിനെ തേടി മറ്റൊരു ദുരന്തം കൂടിയെത്തുന്നത്. ബീച്ചിൽ നടന്ന ടീം പ്രഖ്യാപനച്ചടങ്ങിൽ ബിനോജോസിന് പ്രണാമമർപ്പിച്ചായിരുന്നു പരിപാടികൾ ആരംഭിച്ചത്. ആ നടുക്കം മാറിയിട്ടില്ലെന്ന് അന്ന് ടീം സ്ഥാപകൻ വി.കെ. മാത്യൂസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിജോണിന്റെ ആകസ്മിക മരണം ക്ലബ്ബിനെ വീണ്ടും തീരാദുഃഖത്തിലാഴ്ത്തിയത്.