ഗായകൻ ജുബിൻ നൗട്ടിയാലിൻ്റെ പിതാവ് രാംശരൺ നൗട്ടിയാൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായകൻ ജുബിൻ നൗട്ടിയാലിന്റെ പിതാവ് രാംശരൺ നൗട്ടിയാൽ ബി.ജെ.പി വിട്ട് വീണ്ടും കോൺഗ്രസിലെത്തി. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തിരികെ കോൺഗ്രസിൽ എത്തിയത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പാർട്ടി മാറ്റം.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കുമാരി സെൽജ, ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് രാംശരൺ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭകാലത്താണ് രാംശരൺ കോൺഗ്രസിലെത്തുന്നത്. ഡെറാഡൂൺ ജില്ലാ പഞ്ചായത്ത് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 12 വർഷം മുൻപാണ് അദ്ദേഹം പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. 2022-ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചക്രത മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം രാംശരൺ നൗട്ടിയാലിന്റെ തിരിച്ചുവരവ് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കോൺഗ്രസിന് മുതൽക്കൂട്ടാകുമെന്നും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ പറഞ്ഞു.