19/10/2026
[fontresizer_tawhidurrahmandear_widget]

വാര്‍ത്തകള്‍ ഇനി ‘ട്രംപ് ടിവി’ വഴി; മാധ്യമവിലക്കിന് പിന്നാലെ സ്വന്തം ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആരംഭിച്ച് വൈറ്റ് ഹൗസ്

 വാര്‍ത്തകള്‍ ഇനി ‘ട്രംപ് ടിവി’ വഴി; മാധ്യമവിലക്കിന് പിന്നാലെ സ്വന്തം ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആരംഭിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കൻ മാധ്യമങ്ങളുമായുള്ള പോര് കടുക്കുന്നതിനിടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വന്തമായി ‘ട്രംപ് ടിവി’ എന്ന പേരിൽ പുതിയ സംപ്രേഷണ പ്ലാറ്റ്‌ഫോം ആരംഭിച്ചു. പ്രസിഡന്റിന്റെ പ്രസംഗങ്ങളും ഭരണകൂടത്തിന്റെ ഔദ്യോഗിക വിവരങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈവ് സ്ട്രീമിങ് സംവിധാനമാണിത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയുമാണ് ഇതിന്റെ സംപ്രേഷണം നടക്കുന്നത്.

ട്രംപിന്റെ 47-ാമത് യു.എസ് പ്രസിഡന്റായുള്ള സത്യപ്രതിജ്ഞാ ചടങ്ങും മുൻകാല പ്രസംഗങ്ങളും ഉൾപ്പെടുത്തിയാണ് ചാനലിന്റെ പ്രവർത്തനം തുടങ്ങിയത്. എല്ലാ സുപ്രധാന നിമിഷങ്ങളും പുതിയ പ്രഖ്യാപനങ്ങളും ഇനി ഈ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തത്സമയം ലഭിക്കുമെന്ന് വൈറ്റ് ഹൗസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.

പ്രമുഖ അമേരിക്കൻ മാധ്യമങ്ങളായ സി.എൻ.എൻ, പൊളിറ്റിക്കോ, എം.എസ് നൗ എന്നിവരുടെ വൈറ്റ് ഹൗസിലേക്കുള്ള പ്രവേശന പാസുകൾ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഈ മൂന്ന് മാധ്യമസ്ഥാപനങ്ങളും ഫെഡറൽ കോടതിയിൽ സംയുക്തമായി കേസ് ഫയൽ ചെയ്ത് മണിക്കൂറുകൾക്കകമാണ് ട്രംപ് ടിവി പ്രവർത്തനം ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ സി.എൻ.എന്നിന് പിന്തുണ പ്രഖ്യാപിച്ച് എ.ബി.സി, സി.ബി.എസ്, എൻ.ബി.സി, ഫോക്‌സ് ന്യൂസ് തുടങ്ങിയ മുൻനിര ചാനലുകളെല്ലാം പ്രസിഡന്റിന്റെ വാർത്താസമ്മേളനങ്ങളുടെ സംയുക്ത വീഡിയോ പൂൾ കവറേജ് താൽക്കാലികമായി നിർത്തിവെച്ചു. പരമ്പരാഗത മാധ്യമങ്ങളിലൂടെയുള്ള വാർത്താ വിതരണം തടസ്സപ്പെട്ട ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ വിവരങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ ട്രംപ് സ്വന്തം മാധ്യമവുമായി രംഗത്തെത്തിയത്.

81-ാമത് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നിലവിൽ ന്യൂയോർക്കിലുള്ള ട്രംപ്, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുമായി ഗ്രേസി മാൻഷനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, മാധ്യമങ്ങൾ തന്നെ ബഹിഷ്‌കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞു. അവർക്ക് ഒരിക്കലും തന്നെ ബഹിഷ്കരിക്കാനാകില്ലെന്നും അവിടെ തടിച്ചുകൂടിയ വൻ മാധ്യമനിരയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വാർത്തകൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസിലേക്കും പ്രസിഡന്റിന്റെ പ്രസ് പൂളിലേക്കുമുള്ള പ്രവേശനം മാധ്യമങ്ങളുടെ അവകാശമല്ല, മറിച്ച് അതൊരു പ്രത്യേക ആനുകൂല്യം മാത്രമാണെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.

Also read: