കെഎസ്ആർടിസിക്ക് പുതിയ ബസ് സംഭാവന നൽകി സ്വകാര്യ വ്യക്തി; മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാണ് തീരുമാനമെന്ന് അങ്കമാലി സ്വദേശി
അങ്കമാലി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിക്ക് വലിയ ആശ്വാസമായി ഒരു സ്വകാര്യ വ്യക്തിയുടെ സഹായം. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ ആരെങ്കിലും ബസ് സംഭാവനയായി നൽകിയാൽ നന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാണ് അങ്കമാലി സ്വദേശിയായ ജോസ് സ്വന്തം ചെലവിൽ പുതിയ ബസ് വാങ്ങി നൽകാൻ തീരുമാനിച്ചത്.
റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം. ബസ് വാങ്ങുന്നതിനാവശ്യമായ തുകയുടെ ചെക്ക് ജോസ് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി ഈ ചെക്ക് ഗതാഗത മന്ത്രിക്ക് നൽകി. താനൊരു അങ്കമാലിക്കാരനായതുകൊണ്ട് ഈ പുതിയ ബസ് അങ്കമാലി ഡിപ്പോയ്ക്ക് തന്നെ അനുവദിക്കണമെന്ന പ്രത്യേക അഭ്യർത്ഥനയും ജോസ് സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കെഎസ്ആർടിസിക്ക് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ ഇത്തരത്തിൽ ബസ് വാങ്ങി നൽകുന്നത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് ഒരു വ്യക്തി സ്വന്തം നിലയ്ക്ക് ബസ് സംഭാവന ചെയ്യുന്നത് മുൻപ് അനുഭവമില്ലാത്ത കാര്യമാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കെഎസ്ആർടിസിക്കും സർക്കാരിനും ഇത് വലിയൊരു ആശ്വാസമാണെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.