‘അരിക്കൊമ്പൻ കോൺഗ്രസുകാരുടെ അമ്മായിയപ്പനല്ലേ; ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണം’; മാറ്റിപ്പാർപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് എം.എം. മണി
ഇടുക്കി: ചിന്നക്കനാലിൽ ജനവാസമേഖലയിലിറങ്ങി നിരന്തരം ഭീതി പരത്തുന്ന ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം. മണി. കാട്ടാനകളെ പിടികൂടി കാടുകയറ്റാനുള്ള വനംവകുപ്പിന്റെ നിലവിലെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ആനകളെ വെറുതെ പിടിച്ചുമാറ്റുന്നത് ഒന്നിനും ശാശ്വതമായ പരിഹാരമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മനുഷ്യന്റെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയുയർത്തുന്ന ഇത്തരം കാട്ടാനകളെ വെടിവെച്ചുതന്നെ കൊല്ലുകയാണ് വേണ്ടത്. ഇത്തരം കർശന നടപടികൾ സ്വീകരിക്കുമ്പോൾ നിയമപരമായ കേസുകൾ ഉണ്ടായാൽ അത് നേരിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തുറന്നടിച്ചു. അരിക്കൊമ്പൻ കോൺഗ്രസുകാരുടെ അമ്മായിയപ്പനല്ലേ എന്ന പരിഹാസത്തോടെയാണ് കാട്ടാന പ്രശ്നത്തിലുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ഭരണനേതൃത്വത്തിനും വൈദ്യുതി മന്ത്രിക്കും പല കാര്യങ്ങളിലും ദീർഘവീക്ഷണമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലെന്നും എം.എം. മണി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇത് തിരിച്ചറിയണം. താനും പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്ന കാലത്ത് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. മികച്ച രീതിയിൽ മഴ ലഭിച്ചാൽ പോലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. ബാക്കി ഭൂരിഭാഗം വൈദ്യുതിയും പുറത്തുനിന്ന് വലിയ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. അതിനാൽ കാര്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള പ്രായോഗിക ബുദ്ധിയും ജനങ്ങളോട് ആത്മാർത്ഥതയും വേണമെന്നും, വെറുതെ ചിരിച്ചുകാണിച്ച് ഇളിച്ചിരുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘തന്തവൈബ്’ പിടിക്കാനില്ലെന്ന മന്ത്രി ഒ.ആർ കേളുവിന്റെ പ്രതികരണത്തെയും എം.എം. മണി രൂക്ഷമായി വിമർശിച്ചു. വിവരമില്ലാത്തതുകൊണ്ടാണ് അദ്ദേഹം അങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് മണി പ്രതികരിച്ചു. മന്ത്രിപ്പണി അറിയില്ലെങ്കിൽ ഭാര്യയുടെ കൂടെപ്പോയിരിക്കാം, അല്ലെങ്കിൽ വിശ്രമിക്കാം, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം. മന്ത്രിപ്പണി ഏറ്റെടുത്താൽ കൃത്യമായി ആ പണി ചെയ്യണമെന്നും, അതറിയില്ലെങ്കിൽ മറ്റെന്തെങ്കിലും പണി നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.