27/09/2026
[fontresizer_tawhidurrahmandear_widget]

“സ്വകാര്യ വാഹനത്തിലെ യാത്രയിൽ തെറ്റില്ല, ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്”; കെ.എം ഷാജിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ

 “സ്വകാര്യ വാഹനത്തിലെ യാത്രയിൽ തെറ്റില്ല, ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്”; കെ.എം ഷാജിക്ക് പിന്തുണയുമായി കെ.ബി ഗണേഷ് കുമാർ

ഇടുക്കി: സ്വകാര്യ ആഡംബര കാറിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്ത തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയെ പിന്തുണച്ച് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ. മന്ത്രി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, മുൻപ് താനും സമാനമായ രീതിയിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ ഇതിനായി പ്രത്യേക അനുമതി വാങ്ങുകയോ അല്ലെങ്കിൽ എം.എൽ.എ ബോർഡ് വെച്ച് യാത്ര ചെയ്യുകയോ ആയിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ സൗജന്യ യാത്ര പൂർണ്ണമായും തെറ്റാണെന്ന് ഗണേഷ് കുമാർ വിമർശിച്ചു. യാത്രയുടെ സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. 20 ലക്ഷം രൂപയുടെ സൗജന്യ യാത്ര നടത്തിയത് അഴിമതിയുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിക്ക് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും, എന്നാൽ ലാഭകരമായ റൂട്ടുകളിൽ മാത്രമേ അവ സർവീസ് നടത്താവൂ എന്നും വ്യക്തമാക്കിയ ഗണേഷ് കുമാർ, ഇത്തരം ബസുകൾ വാങ്ങിയതുകൊണ്ട് മാത്രം കെ.എസ്.ആർ.ടി.സി രക്ഷപ്പെടില്ലെന്നും അഭിപ്രായപ്പെട്ടു.

അതിനിടെ റേഞ്ച് റോവർ കാർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.എം ഷാജിയും രംഗത്തെത്തി. തനിക്കെതിരെ ഇപ്പോൾ പ്രചരിക്കുന്നത് പൂർണ്ണമായും ഊഹക്കഥകളാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ സ്വകാര്യ വാഹനം നാടിനോ സർക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. താൻ കാറിന് മുന്നിൽ നിൽക്കുന്നതായി മാധ്യമങ്ങളിൽ വന്ന ചിത്രം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ചട്ടം എന്താണെന്ന് കൃത്യമായി അറിയില്ലാത്തവർ ചട്ടമ്പിത്തരം പറയരുതെന്നും ഷാജി വിമർശിച്ചു.

താൻ യാത്ര ചെയ്ത റേഞ്ച് റോവർ കാറിൽ 13-ാം നമ്പറും ഔദ്യോഗിക പതാകയും വെച്ചതിലും തെറ്റില്ല, മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലാണ് കൊടി വെക്കേണ്ടത്. സ്വന്തം നേട്ടങ്ങൾക്കായി മന്ത്രിമാർ പദവിയോ പൊതുമുതലോ ദുരുപയോഗം ചെയ്യരുതെന്നാണ് ചട്ടം. എന്നാൽ തനിക്കുള്ള വ്യക്തിപരമായ സൗകര്യങ്ങൾ സർക്കാരിന് വേണ്ടി ഉപയോഗിക്കുന്നത് ഒരിക്കലും തെറ്റല്ലെന്നും, ഈ വിവാദങ്ങൾക്ക് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും കെ.എം ഷാജി ആരോപിച്ചു.

Also read: