‘ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല, ലോകത്തെ അമ്പരപ്പിച്ച സൈനിക നടപടി’; സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ ഭീകരവിരുദ്ധ നയത്തിന്റെ കരുത്തുറ്റ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 2016-ൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കുകൾ ഇന്ത്യയുടെ ഭീകരവിരുദ്ധ നയത്തിന്റെ ഏറ്റവും ശക്തവും ധീരവുമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച സംപ്രേഷണം ചെയ്ത പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണങ്ങൾ കാരണം രാജ്യം ഏറെക്കാലമായി അനുഭവിച്ച വേദനകൾക്ക് നൽകിയ നിർണായകമായ മറുപടിയായിരുന്നു സർജിക്കൽ സ്ട്രൈക്കെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും, ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുപടി തന്നെ നൽകുമെന്നും രാജ്യം ലോകത്തിന് മുന്നിൽ തെളിയിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2016 സെപ്റ്റംബർ 28, 29 തിയ്യതികളിലാണ് ജമ്മു കശ്മീരിലെ ഉറിയിലുള്ള സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി, നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. ഇന്ത്യൻ സൈനികർ അതിർത്തി കടന്ന് ഭീകരർക്കെതിരെ സ്വീകരിച്ച ഈ അപ്രതീക്ഷിത നടപടി ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികളെക്കുറിച്ചും അദ്ദേഹം മൻ കി ബാത്തിൽ പരാമർശിച്ചു. സെൻസസ് എന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും അതിൽ പങ്കാളികളാകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് പ്രക്രിയക്കായി ഒരുക്കിയിട്ടുള്ള ഓൺലൈൻ സൗകര്യങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലഹരി ഉപയോഗത്തിനെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ലഹരിക്കെതിരെ ഇന്ത്യയിലെ യുവാക്കൾ ഒന്നിക്കുകയാണെന്നും, ‘നശാ മുക്ത് യുവ അഭിയാൻ’ (ലഹരിമുക്ത യുവജന കാമ്പയിൻ) വഴി ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ ബോധവൽക്കരണം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾ ഈ കാമ്പയിനിലൂടെ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തതായും, അവർ മറ്റുള്ളവരിലേക്ക് ഈ സന്ദേശം എത്തിക്കാൻ മുൻകൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സമൂഹത്തിൽ ജീവിക്കുമ്പോഴും ഒരു സന്യാസിയെപ്പോലെയാണ് അദ്ദേഹം ജീവിച്ചതെന്നും, രാമജന്മഭൂമി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ ഊർജ്ജത്തിന്റെ ഫലമാണ് ഇന്ന് അയോധ്യയിൽ കാണുന്ന ഭീമമായ ക്ഷേത്രമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.