സൗദിയിൽ മയക്കുമരുന്ന് കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ ജില്ലയിലെ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശിയായ അബൂട്ടി വെള്ളിലി (41) യുടെ വധശിക്ഷയാണ് സൗദി ഭരണകൂടം നടപ്പിലാക്കിയത്.
വധശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗികമായി അറിയിച്ചത്. 2023-ൽ ഒമാനിൽ നിന്ന് റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്.
അബൂട്ടി ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് 43 കിലോഗ്രാം വരുന്ന മാരകമായ ലഹരിവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. തുടർന്ന്, അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ ശിക്ഷ ശരിവെച്ചു. ഇതിന് പിന്നാലെ ഭരണാധികാരിയുടെ രാജവിഞ്ജാപനം പുറത്തുവന്നതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.