‘ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലർ’; റേറ്റിംഗ് അര സ്റ്റാർ, ക്ലൈമാക്സ് ലോക്കപ്പിലോ ആശുപത്രിയിലോ; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രമുഖ സിനിമാ റിവ്യൂവറും വ്ലോഗറുമായ അശ്വന്ത് കോക്കിനെ പരോക്ഷമായി ട്രോളി കേരള പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. സിനിമകളെ നിശിതമായി വിമർശിക്കുന്ന അശ്വന്ത് കോക്കിന്റെ തന്നെ ശൈലി അനുകരിച്ച്, ഒരു സിനിമയുടെ റിവ്യൂ മാതൃകയിലാണ് പോലീസ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിൽ വെച്ച് അശ്വന്ത് ഓടിച്ചിരുന്ന വാഹനം സ്കൂട്ടറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. തുടർന്ന് മദ്യലഹരിയിലായിരുന്ന ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ‘ഡ്രിങ്ക് ആൻഡ് ഡ്രൈവ് ഒരു അനാവശ്യ ത്രില്ലർ’ എന്ന തലക്കെട്ടിൽ കേരള പോലീസ് രസകരമായ ട്രോൾ പോസ്റ്റർ പുറത്തിറക്കിയത്.
വെറും അര സ്റ്റാർ മാത്രം നൽകിയിരിക്കുന്ന റിവ്യൂവിൽ, സിനിമയുടെ ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡാണെന്നും സെക്കൻഡ് ഹാഫിൽ ഫൈനും കേസുമാണെന്നും പറയുന്നു. സ്ഥിരം അബദ്ധങ്ങൾ നിറഞ്ഞ കഥയും വ്യക്തതയില്ലാത്ത തിരക്കഥയുമാണ് ചിത്രത്തിന്റേതെന്നും, ക്ലൈമാക്സ് ഒന്നുകിൽ ലോക്കപ്പിലോ അല്ലെങ്കിൽ ആശുപത്രിയിലോ അവസാനിക്കുമെന്നും പോലീസ് പരിഹസിക്കുന്നു. പിഴയും ആശുപത്രി ഫീസുമാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവെന്നും, വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവുമാണ് തിയേറ്റർ പ്രതികരണമെന്നും പോസ്റ്ററിലുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ലെന്നും, സ്വന്തം ജീവൻ മാത്രമല്ല നിരപരാധികളായ മറ്റു യാത്രക്കാരുടെ സുരക്ഷ കൂടിയാണ് അപകടത്തിലാകുന്നതെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതം തകർക്കുമെന്നും, അതിനാൽ മദ്യപിച്ചാൽ ഡ്രൈവ് ചെയ്യാതെ സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റു മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്നും പോലീസ് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.