‘എന്റെ വീട്ടിലും ഒരു കുട്ടിയുണ്ട്, ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു കുട്ടിയെയാണ്’; നസ്രിയയെക്കുറിച്ച് ഫഹദ് ഫാസിലിന്റെ രസകരമായ വാക്കുകൾ വൈറൽ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡെയ്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അന്ന് ഇവർ തമ്മിലുള്ള 13 വയസ്സിന്റെ പ്രായവ്യത്യാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ തെലുങ്ക് ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ വെച്ച് നസ്രിയയെക്കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞ രസകരമായ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എസ്.എസ് രാജമൗലി അവതരിപ്പിച്ച്, അദ്ദേഹത്തിന്റെ മകൻ എസ്.എസ് കാർത്തികേയ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലോട്ടിയാണ്.
ഒരു ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഫഹദിനൊപ്പം സാറാ പല്ലേക്കർ എന്ന ബാലതാരവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൊമോഷൻ വേദിയിൽ വെച്ച് സാറയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഫഹദ് നസ്രിയയെക്കുറിച്ചും പരാമർശിച്ചത്. “ഞാൻ ഒരു കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഷൂട്ടിനിടയിൽ കുട്ടികളെ എങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത് എന്ന് ആളുകൾ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്. എന്റെ വീട്ടിലും ഒരു കുട്ടിയുണ്ടെന്നും, അതിനെ ഞാനാണ് നോക്കുന്നതെന്നുമാണ് ഞാൻ അവർക്ക് നൽകുന്ന മറുപടി” എന്ന് ഫഹദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്നാൽ ഈ പുതിയ സിനിമയിൽ തന്നെ സഹായിക്കുന്ന ഒരു കുട്ടിക്കൊപ്പമാണ് താൻ വർക്ക് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയലോഗുകൾ തെറ്റിക്കുമ്പോഴെല്ലാം വളരെ ക്ഷമയോടെ സാറ തനിക്ക് അത് തിരുത്തിത്തരുമായിരുന്നു എന്നും, തന്റെ നാളിതുവരെയുള്ള കരിയറിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹതാരം സാറയാണെന്നും ഫഹദ് വ്യക്തമാക്കി. സിനിമ ചിത്രീകരിക്കുന്ന സമയത്ത് തങ്ങൾക്കുണ്ടായ രസകരമായ അനുഭവങ്ങളുടെ പകുതിയെങ്കിലും പ്രേക്ഷകർക്ക് തിയേറ്ററിൽ ലഭിച്ചാൽ തങ്ങൾ പൂർണ്ണ സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.