31/03/2026
[fontresizer_tawhidurrahmandear_widget]

‘അധ്യാപക പെൻഷൻ അനുവദിക്കണം, എംഎൽഎ കാലത്തെ സേവനം സർവീസായി പരിഗണിക്കണം’ -കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് അയച്ച കത്ത് പുറത്ത്

 ‘അധ്യാപക പെൻഷൻ അനുവദിക്കണം, എംഎൽഎ കാലത്തെ സേവനം സർവീസായി പരിഗണിക്കണം’ -കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, എം.എൽ.എ പെൻഷന് പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച് എം.എൽ.എ ആയ കാലയളവ് സർവീസ് ആയി പരിഗണിച്ച്, ആനുകൂല്യങ്ങൾ നൽകണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കത്ത് നൽകിയത്.

​1994 മുതൽ 2006 വരെയുള്ള 12.5 വർഷക്കാലത്തെ അധ്യാപക സർവീസും, 2006 മുതൽ 2021 വരെയുള്ള 15 വർഷത്തെ എം.എൽ.എ കാലയളവും ഉൾപ്പെടുത്തി, മൊത്തം 27.5 വർഷത്തെ സർവീസ് ആനുകൂല്യങ്ങൾ നൽകണം എന്നാണ് ജലീൽ ആവശ്യപ്പെട്ടത്. എം.എൽ.എ പെൻഷൻ വേണ്ടെന്നും, പകരം അധ്യാപക സർവീസ് പെൻഷൻ അനുവദിക്കണമെന്നുമാണ് ആവശ്യം.

​2022 ഫെബ്രുവരിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നതോടെ, ഇത് സർവീസ് ചട്ടങ്ങൾക്ക് ലംഘനമാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. എയ്ഡഡ് അധ്യാപകർ മത്സരരംഗത്തേക്ക് വരുമ്പോൾ രാജിവെക്കണമെന്ന കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ 2021-ലാണ് ജലീൽ അധ്യാപക ജോലി രാജിവച്ചത്. ഇത്തരത്തിൽ രാജിവച്ച ഒരാൾക്ക്, എം.എൽ.എ കാലയളവിൽ സർവീസ് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധമാണ് എന്നാണ് വിമർശനം.

​പ്രത്യേക സാഹചര്യത്തിലാണ് രാജിവച്ചതെന്നും, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടല്ല പൊതുരംഗത്തേക്ക് വന്നതെന്നും കത്തിൽ ജലീൽ പറയുന്നുണ്ടെങ്കിലും, എം.എൽ.എ പെൻഷനെക്കാൾ ഉയർന്ന തുക ലഭിക്കുന്ന അധ്യാപക സർവീസ് പെൻഷൻ ആവശ്യപ്പെട്ടത് വൈരുധ്യമാണെന്നും ആക്ഷേപം ഉയരുന്നു.

Also read: