22/10/2026
[fontresizer_tawhidurrahmandear_widget]

‘ലാത്തിചാർജല്ല, തൂഫാൻ റെയ്‌ഡാണ് നടത്തേണ്ടിയിരുന്നത്; ബിജെപിക്കെതിരായ മാർച്ചിൽ എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പി എറിയുന്നത്?’; രൂക്ഷ വിമർശനവുമായി മന്ത്രി ഒ.ജെ ജനീഷ്

 ‘ലാത്തിചാർജല്ല, തൂഫാൻ റെയ്‌ഡാണ് നടത്തേണ്ടിയിരുന്നത്; ബിജെപിക്കെതിരായ മാർച്ചിൽ എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പി എറിയുന്നത്?’; രൂക്ഷ വിമർശനവുമായി മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് മന്ത്രി ഒ.ജെ ജനീഷ്. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ നടത്തിയ മാർച്ചിൽ എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് വെറും ലാത്തിച്ചാർജ്ജ് മാത്രമല്ല, തൂഫാൻ റെയ്ഡാണ് നടത്തേണ്ടിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ തിരുവനന്തപുരത്തുണ്ടായ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് കേന്ദ്രത്തിൽ സർക്കാർ അധികാരത്തിലെത്തിയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും രാജിവെക്കണമെന്നും ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരത്തും മാർച്ച് സംഘടിപ്പിച്ചത്. താനും ഷാഫി പറമ്പിൽ എംപിയും ഉൾപ്പെടെ പങ്കെടുത്ത മാർച്ച് ആരംഭിച്ചയുടൻ തന്നെ പിൻനിരയിലേക്ക് കല്ലേറും കുപ്പിയേറും ഉണ്ടാകുകയായിരുന്നു.

പിന്നീട് വാഹനം എടുക്കാൻ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തിയപ്പോഴും പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ കല്ലെറിഞ്ഞുവെന്നും ബൈക്കുകൾ തകർത്തുവെന്നും ജനീഷ് ആരോപിച്ചു. ഇടതുപക്ഷത്തിനെതിരെയോ പിണറായി വിജയനെതിരെയോ അല്ലാത്ത, ബിജെപിക്കെതിരെയുള്ള ഒരു മാർച്ചിൽ എന്തിനാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രകോപനം സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച രാത്രി തലസ്ഥാനത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ സംഘർഷമായിരുന്നു യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലും പിന്നാലെ കല്ലേറുമുണ്ടായെന്നാണ് ആരോപണം. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ എസ്എഫ്ഐയുടെ കൊടികളും ബോർഡുകളും യൂത്ത് കോൺഗ്രസ് നശിപ്പിച്ചെന്നും. പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കയറിയ പോലീസ് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപണമുണ്ട്.

Also read: