27/03/2026
[fontresizer_tawhidurrahmandear_widget]

കൈകോര്‍ത്ത് സൗദിയും ഖത്തറും; വമ്പന്‍ ടൂറിസം പദ്ധതികള്‍ വരുന്നു

 കൈകോര്‍ത്ത് സൗദിയും ഖത്തറും; വമ്പന്‍ ടൂറിസം പദ്ധതികള്‍ വരുന്നു

റിയാദ്: ടൂറിസം മേഖലയിലെ സഹകരണം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയും ഖത്തറും. സഹകരണം ശക്തമാക്കാനായി ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. റിയാദില്‍ നടക്കുന്ന യുഎന്‍ ടൂറിസം ജനറല്‍ അസംബ്ലിക്ക് മുന്നോടിയായാണ് ഈ സുപ്രധാന കരാര്‍ യാഥാര്‍ത്ഥ്യമായത്.

സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്, ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകളില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക, സംയുക്തമായി പുതിയ അവസരങ്ങള്‍ കണ്ടെത്തുക, നൂതന സംരംഭങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ നാലിലൊന്ന് പേരും സൗദിയില്‍ നിന്നുള്ളവരായിരുന്നു. ഈ സൗഹൃദ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ സഹായിക്കും. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ലഭിച്ച ആഗോളശ്രദ്ധ നിലനിര്‍ത്താനുള്ള ഖത്തറിന്റെ നിരന്തര ശ്രമങ്ങള്‍ക്കും ഇത് ഗുണകരമാകും.

എണ്ണയിതര വരുമാനം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ ലക്ഷ്യങ്ങള്‍ക്കും ഈ ടൂറിസം സഹകരണം നിര്‍ണായകമാണ്. 2030ഓടെ പ്രതിവര്‍ഷം 150 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.

ടൂറിസം സേവനങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുക, പരിസ്ഥിതി സൗഹൃദപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുക, ഇരു രാജ്യങ്ങളിലെയും സാംസ്‌കാരികവും പ്രകൃതിദത്തവുമായ സവിശേഷതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നിവയിലാണ് സഹകരണം ശക്തമാക്കാന്‍ ധാരണയായത്. ഇതോടൊപ്പം, ആഗോള ടൂറിസം ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി സംയുക്ത മാര്‍ക്കറ്റിങ് കാമ്പെയ്നുകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

നിലവില്‍ ഏകദേശം അഞ്ചു ശതമാനമാണ്, ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന. ഇത് ഇരട്ടിയാക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നതായി കഴിഞ്ഞ മാസം നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ മന്ത്രി അല്‍ ഖതീബ് സൂചിപ്പിച്ചിരുന്നു.

Also read: