‘എന്നും ഉറങ്ങുന്നതിന് മുമ്പ് കാണാറുണ്ടായിരുന്നു; എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത പോലീസ് നടപടി ശരിയായില്ല’: വി.ഡി. സതീശൻ
തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച തന്റെ വൈറൽ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത പോലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസ് നടപടി അന്യായമാണെന്നും, ദിവസവും ഉറങ്ങുന്നതിന് മുൻപ് താൻ ആ വീഡിയോ കാണാറുണ്ടായിരുന്നുവെന്നും ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘എഐ കവല’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കഴിഞ്ഞ മാസം വി.ഡി. സതീശന്റെ എ.ഐ ഡാൻസ് വീഡിയോ പുറത്തുവന്നത്. തൃശൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് ഇതിന് പിന്നിൽ. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയ വീഡിയോ ദിവസങ്ങൾക്കകം തന്നെ ഇന്ത്യയിൽ നിരോധിക്കപ്പെടുകയായിരുന്നു. തമിഴ് താരം വിജയ്യുടെ ശൈലിയിലുള്ള നൃത്തം വളരെ മനോഹരമായിരുന്നെന്നും, വിജയിയെക്കാൾ മികച്ച രീതിയിലാണ് താൻ അതിൽ ചുവടുവെച്ചതെന്ന് നിരവധി കുട്ടികൾ തന്നോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വീഡിയോ നീക്കം ചെയ്ത പോലീസ് നടപടി തനിക്ക് ഒട്ടും സന്തോഷം നൽകിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എത്രയോ മനോഹരമായ ആ വീഡിയോ നീക്കം ചെയ്തത് ശരിയായില്ലെന്ന് പൊലീസിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ഈ വീഡിയോയെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. വീഡിയോ കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും, മോഹൻലാലിനേക്കാളും വിജയിനേക്കാളും നന്നായി താൻ അതിൽ ചുവടുവെച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുൻ പ്രതികരണം.