‘അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് എൽഡിഎഫ് ഉദ്ഘാടനം ചെയ്തത്, 643 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കരുത്’; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തമാശയെന്ന് വീണാ ജോർജ്
കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കാൻ പോകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയാണ് ഇതെന്നും, 30 മാസത്തിനകം അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ തമാശയായാണ് തോന്നിയതെന്നും വീണാ ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്ന ഇതിന് 2026 ഫെബ്രുവരി 7-നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ പദ്ധതിയുടെ ആവശ്യകത ചർച്ച ചെയ്യുകയും കോഴിക്കോട് ചേവായൂരിൽ സ്ഥലം കണ്ടെത്തുകയും കിഫ്ബി വഴി 643 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തിരുന്നതാണെന്ന് മുൻ മന്ത്രി ഓർമ്മിപ്പിച്ചു.
ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലെ 20 ഏക്കർ സ്ഥലത്ത് 271 കോടി രൂപ ചെലവിൽ 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളുമുള്ള അവയവമാറ്റ ആശുപത്രി സമുച്ചയം നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്തിടെ പ്രഖ്യാപിച്ചത്. ഇതിനൊപ്പം 35 കോടി രൂപ മുടക്കി ത്വക്ക് രോഗാശുപത്രി സ്ഥാപിക്കുമെന്നും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ചുള്ള കപ്പൽ നിർമ്മാണ പദ്ധതി മുഖ്യമന്ത്രി മുൻപ് പ്രഖ്യാപിച്ചതിന് സമാനമായ അവസ്ഥയാണിതെന്ന് വീണാ ജോർജ് പരിഹസിച്ചു.
സ്വന്തമായി കെട്ടിടം സജ്ജമാകുന്നത് വരെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങാൻ എൽഡിഎഫ് സർക്കാർ സ്ഥലം കണ്ടെത്തിയിരുന്നതായി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഇതിനായി സ്പെഷ്യൽ ഓഫീസറെ നിയമിച്ച് 60 തസ്തികകൾ സൃഷ്ടിക്കുകയും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി കൃത്യമായ മാർഗ്ഗരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന് വലിയ മുതൽക്കൂട്ടാകേണ്ട 643 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതിയെ വെറും 271 കോടിയുടേതായി വെട്ടിച്ചുരുക്കരുതെന്നും അവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.