‘1,700 ഡോക്ടർമാരെയും 500 നഴ്സുമാരെയും നിയമിക്കും’; സർക്കാർ ആശുപത്രികളുടെ മുഖച്ഛായ മാറ്റുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 1,700 ഡോക്ടർമാരെയും 500 നഴ്സുമാരെയും പുതുതായി നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിയമന നടപടികൾ പൂർത്തിയാക്കി ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതിലൂടെ പ്രതിവർഷം 200 കോടിയോളം രൂപയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകുമെങ്കിലും സർക്കാർ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ‘ദി വീക്ക്’ സംഘടിപ്പിച്ച മെറ്റബോളിക് ഹെൽത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് പ്രമേഹം, രക്താതിസമ്മർദ്ദം, വിവിധതരം ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വലിയ ആരോഗ്യ വെല്ലുവിളിയാണ് ഉയർത്തുന്നത്. രോഗം മൂർച്ഛിച്ച ശേഷം ചികിത്സ തേടുന്ന പരമ്പരാഗത രീതിക്ക് പകരം, പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണ്ണയം നടത്തി നിയന്ത്രിക്കാനുള്ള സമഗ്രമായ കർമ്മപദ്ധതികളിലേക്കാണ് സർക്കാർ കടക്കുന്നത്. മെഡിക്കൽ കോളേജുകൾ മുതൽ താഴെത്തട്ടിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള സംവിധാനങ്ങളിൽ ഇതിന് അനുയോജ്യമായ തരത്തിലുള്ള കാലാനുസൃതമായ നവീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഒരേസമയം മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രേണു രാജും പങ്കെടുത്തു സംസാരിച്ചു.