‘മനുഷ്യരല്ലേ തെറ്റ് പറ്റാം, ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് അശ്വന്ത് കോക്ക്
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പരസ്യമായി മാപ്പ് ചോദിച്ച് യൂട്യൂബ് സിനിമാ നിരൂപകൻ അശ്വന്ത് കോക്ക്. ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ലെന്നും അത്തരമൊരു സംഭവത്തിൽ പോലീസിന് കേസെടുക്കാൻ ഇടവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയിലർ റിവ്യൂ വീഡിയോയിലൂടെയാണ് അശ്വന്ത് കോക്കിന്റെ തെറ്റേറ്റുപറച്ചിൽ. കേരള പോലീസിന്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം വീഡിയോയിൽ പ്രശംസിച്ചു.
“മനുഷ്യരാവുമ്പോൾ തെറ്റുകൾ പറ്റാം. ഞാൻ മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു, അതിന് എനിക്ക് വ്യക്തിപരമായ ചില കാരണങ്ങളുണ്ടായിരുന്നു. ഇനി അങ്ങനെയൊരു രീതിയിൽ ആരും എന്നെ കാണില്ല. നിയമവിരുദ്ധമായി ജീവിതത്തിൽ ചെയ്ത ഒരേയൊരു കാര്യം ഇതാണ്. പണ്ട് പൊതുസ്ഥലങ്ങളിൽ പുകവലിക്കുമായിരുന്നു, എന്നാൽ അലർജി വന്നതോടെ അത് പൂർണ്ണമായി നിർത്തി. ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്നത് ഞാൻ എനിക്ക് തന്നെ നൽകുന്ന ഉറപ്പാണ്,” – അശ്വന്ത് കോക്ക് വീഡിയോയിൽ പറഞ്ഞു. അപകടത്തിന് പിന്നാലെ, കേരളത്തിലെ ആളുകളുടെ ഡ്രൈവിംഗ് മോശമാണെന്ന് മുൻപ് അശ്വന്ത് പറഞ്ഞ പഴയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകളായി മാറിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ ജീപ്പ് ഇടിച്ച് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ അശ്വന്ത് മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പും പോലീസും കടന്നിട്ടുണ്ട്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന അശ്വന്ത് കോക്ക് നിലവിൽ അവധിയിലാണ്.