19/10/2026
[fontresizer_tawhidurrahmandear_widget]

”ഇന്ത്യയില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിപാടികളില്‍ RSSകാര്‍ പങ്കെടുക്കാറുണ്ട്; അങ്ങനെയാണ് എനിക്ക് സംഘ്പരിവാര്‍ സുഹൃത്തുക്കളെ ലഭിച്ചത്”; ”ഇസ്രയേലുമായും ജൂതരുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ ആർഎസ്എസിന് കഴിയും”; വെളിപ്പെടുത്തലുമായി ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍

 ”ഇന്ത്യയില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിപാടികളില്‍ RSSകാര്‍ പങ്കെടുക്കാറുണ്ട്; അങ്ങനെയാണ് എനിക്ക് സംഘ്പരിവാര്‍ സുഹൃത്തുക്കളെ ലഭിച്ചത്”; ”ഇസ്രയേലുമായും ജൂതരുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ ആർഎസ്എസിന് കഴിയും”; വെളിപ്പെടുത്തലുമായി ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രയേൽ നയതന്ത്ര പ്രതിനിധികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ആർഎസ്എസ് പ്രവർത്തകർ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നും അങ്ങനെയാണ് തനിക്ക് സംഘപരിവാർ സുഹൃത്തുക്കളെ ലഭിച്ചതെന്നും വെളിപ്പെടുത്തി ഇസ്രയേലി മാധ്യമപ്രവർത്തകനും ഗവേഷകനുമായ യെഷായ റോസൻമാൻ.

ഇസ്രയേലുമായും ജൂത സമൂഹവുമായും വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ ആർഎസ്എസിന് എളുപ്പം സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന “ഹൺഡ്രഡ് ഇയേഴ്സ് യങ്: രാഷ്ട്രീയ സ്വയംസേവക് സംഘ്” എന്ന പുസ്തകത്തിലെ തൻ്റെ ലേഖനത്തെക്കുറിച്ച് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജറുസലേം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസൻമാൻ.

ഇന്ത്യയിലെ ഇസ്രയേൽ ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം പരിപാടികളിലൂടെയാണ് താൻ ആർഎസ്എസ് പ്രവർത്തകരുമായി ഇടപഴകിയതെന്നും അത് ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ തന്നെ സഹായിച്ചുവെന്നും റോസൻമാൻ വ്യക്തമാക്കി. ഡൽഹിയിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, ആർഎസ്എസ് പ്രവർത്തകർ തീർത്തും അപകടകാരികളല്ലാത്തവരാണെന്ന് തനിക്ക് തോന്നിയതായി പറഞ്ഞു. മാത്രമല്ല, ആർഎസ്എസുമായി തനിക്ക് വലിയ പ്രത്യയശാസ്ത്രപരമായ അടുപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സമൂഹങ്ങളെയും സംസ്കാരങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള തന്റെ ലേഖനം ഇന്ത്യയ്ക്ക് പുറത്തുള്ളവരുമായി, പ്രത്യേകിച്ച് ഇസ്രയേലുമായും ജൂത ലോകവുമായും ശക്തമായ ബന്ധം സ്ഥാപിക്കാൻ ആർഎസ്എസിന് ഒരു കൈത്താങ്ങായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

ആർഎസ്എസ് ഒരു യാഥാസ്ഥിതികവും പഴഞ്ചനുമായ സംഘടനയാണെന്ന പൊതുബോധത്തെ ചോദ്യം ചെയ്ത റോസൻമാൻ, അർഹതയ്ക്കും കഴിവിനും വലിയ പ്രാധാന്യം നൽകുന്ന സംഘടനയാണെന്ന് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ച കുടുംബ മഹിമയേക്കാളും പാരമ്പര്യമായി ലഭിച്ച പദവികളേക്കാളും അർഹതയ്ക്കും നേട്ടങ്ങൾക്കും നൽകുന്ന പ്രാധാന്യത്തിന്റെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയത് ആരുടെയെങ്കിലും മകനായതുകൊണ്ടോ ഉയർന്ന ജാതിയിൽപ്പെട്ടതുകൊണ്ടോ അല്ലെന്നും, അദ്ദേഹത്തിന്റെ കഠിനാധ്വാനവും നേട്ടങ്ങളും കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയ്ക്ക് നൂറ് വയസ്സ് തികയുന്ന വേളയിൽ പുറത്തിറങ്ങുന്ന ഈ പുസ്തകം ആർഎസ്എസിനെക്കുറിച്ചുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

Also read: