19/10/2026
[fontresizer_tawhidurrahmandear_widget]

‘സാൽവിയ മെസീ’; ഫുട്ബോൾ മാന്ത്രികന് ആദരവുമായി ശാസ്ത്രലോകം; അപൂർവ സസ്യത്തിന് മെസിയുടെ പേര്

 ‘സാൽവിയ മെസീ’; ഫുട്ബോൾ മാന്ത്രികന് ആദരവുമായി ശാസ്ത്രലോകം; അപൂർവ സസ്യത്തിന് മെസിയുടെ പേര്

ലിമ: ഫുട്ബോൾ മൈതാനങ്ങളിലെ മാന്ത്രിക പ്രകടനങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച സാക്ഷാൽ ലയണൽ മെസിക്ക് ശാസ്ത്രലോകത്തിന്റെ അപൂർവ ആദരം. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ആൻഡീസ് പർവതനിരകളിൽ കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് മെസിയുടെ പേരാണ് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്നത്. അർജൻ്റീനൻ ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്‌സിക്ക് സമാനമായി നീലയും വെള്ളയും കലർന്ന പൂക്കളുള്ള സസ്യത്തിന് ‘സാൽവിയ മെസീ’ എന്നാണ് പേരിട്ടിരിക്കുന്നത്.

പെറുവിലെ മധ്യ, തെക്കൻ ആൻഡീസ് പർവതനിരകളിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ് ഈ സസ്യം വളരുന്നത്. സമുദ്രനിരപ്പിൽനിന്ന് 2,000 മുതൽ 2,400 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരാൻ സാധിക്കും. പുതിനയും തുളസിയും ഉൾപ്പെടുന്ന ലാമിയേസീ കുടുംബത്തിൽപ്പെട്ടതാണ് പുതിയ സസ്യം. ഈ സസ്യത്തിന്റെ സാന്നിധ്യം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും, വിശദമായ പഠനങ്ങൾക്കുശേഷമാണ് ഇതൊരു പുതിയ ഇനമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പെറുവിലെ ലിമ, ഇക്ക മേഖലകളിലെ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന സസ്യമായതിനാൽ, വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് സാൽവിയ മെസിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ പേര് നൽകി സസ്യങ്ങളെ നാമകരണം ചെയ്യുന്ന ശാസ്ത്രീയ രീതി പ്രകാരമാണ് മെസിയുടെ പേരിനൊപ്പം ‘i’ എന്ന് ചേർത്ത് ‘സാൽവിയ മെസീ’ എന്ന് നൽകിയിരിക്കുന്നത്. ‘മെസിയുടെ സസ്യം’ എന്നാണ് ഇതിനർത്ഥം. കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും ഈ സസ്യത്തിന്റെ നിലനിൽപ്പിന് വലിയ ഭീഷണിയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ഫൈറ്റോടാക്സയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ പുതിയ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Also read: