27/01/2026

‘റൺവേക്ക് പകരം കാണുന്നത് വയൽ; വിമാനം പറക്കുന്ന ഉയരം മനസ്സിലാകുന്നില്ല’ ; ഡൽഹിയിൽ പൈലറ്റുമാരെ കുഴക്കി ജിപിഎസ് സ്‌പൂഫിംഗ്

 ‘റൺവേക്ക് പകരം കാണുന്നത് വയൽ; വിമാനം പറക്കുന്ന ഉയരം മനസ്സിലാകുന്നില്ല’ ; ഡൽഹിയിൽ പൈലറ്റുമാരെ കുഴക്കി ജിപിഎസ് സ്‌പൂഫിംഗ്

അജിത് ഡോവലിൻ്റെ ഓഫീസ് അന്വേഷിക്കും

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 800-ൽ അധികം വിമാനങ്ങൾ വൈകാനും റദ്ദാക്കാനും കാരണമായേക്കാവുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സിഗ്‌നലുകളിൽ മനഃപൂർവം കൃത്രിമം കാണിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. പൈലറ്റുമാർക്ക് തെറ്റായ ഡാറ്റ നൽകി വിമാനങ്ങളെ അപകടത്തിലാക്കാനുള്ള അട്ടിമറി ശ്രമമാണ് ഇതിനു പിന്നിലെന്ന സൂചനയെ തുടർന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തും. ജിപിഎസ് സിഗ്‌നലുകൾ തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങിയതോടെ പൈലറ്റുമാർ സ്‌ക്രീനിൽ റൺവേയുടെ സ്ഥാനത്ത് വയലുകൾ കാണുകയും വിമാനം പറക്കുന്ന ഉയരത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിലാവുകയും ചെയ്തതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

നവംബർ 7-ന് വൈകിട്ടാണ് 6-നും 7-നും ഇടയിലാണ് രാജ്യ തലസ്ഥാനത്ത് സിഗ്‌നൽ തടസ്സമുണ്ടായത്. പൈലറ്റുമാർക്ക് ലഭിച്ച വ്യാജ ജിപിഎസ് സിഗ്‌നലുകൾ കോക്പിറ്റ് ഡിസ്‌പ്ലേകളെ അലങ്കോലമാക്കുന്നതായിരുന്നു. ദുരന്തമൊഴിവാക്കാൻ പൈലറ്റുമാർക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ നിന്ന് മാനുവൽ പൊസിഷനിംഗിലേക്ക് മാറേണ്ടി വന്നു. ലാന്റിംഗിലെ കൃത്യത നശിപ്പിച്ച് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായി നാവിഗേഷൻ സംവിധാനങ്ങളെ ഹൈജാക്ക് ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വ്യാജ സിഗ്‌നലുകൾ പ്രക്ഷേപണം ചെയ്ത് റിസീവറുകളെ ആശയക്കുഴപ്പത്തിലാക്കുന്ന സൈബർ തന്ത്രമാണ് സ്പൂഫിംഗ്. നവംബർ 7-ലെ സ്പൂഫിംഗ് ന്യൂഡൽഹിയിലെ എയർ ട്രാഫിക് കൺട്രോൾ (എടിസി) ശൃംഖലയിൽ കാസ്‌കേഡ് പരാജയത്തിന് കാരണമായി. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ തകരാറിലായതോടെ ഉദ്യോഗസ്ഥർക്ക് വിമാനങ്ങളിലേക്കുള്ള സന്ദേശമയക്കാൻ മാനുവൽ രീതി അവലംബിക്കേണ്ടി വന്നു. ഇത് മണിക്കൂറുകളോളം നീണ്ടു. ശക്തമായ കാറ്റിനെ തുടർന്നുണ്ടായ റൺവേ പുനഃക്രമീകരണം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടേതട്ടം 800-ലധികം വിമാനങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചു. പല വിമാനങ്ങളും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വൈകിയപ്പോൾ ചില സർവീസുകൾ റദ്ദാക്കി. ഡൽഹിയിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ ജയ്പൂർ, ലഖ്‌നൌ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വൈകുന്നേരത്തോടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും, പ്രതിദിനം 1,200-ൽ അധികം വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ പിറ്റേന്നും ഭാഗികമായ തടസ്സം തുടർന്നു.

ജിപിഎസ് സിഗ്‌നലുകളിൽ കൂട്ടത്തോടെ ഉണ്ടായ ഈ തകരാറ് സൈബർ ആക്രമണമോ ജാമിംഗോ ആന്തരിക തകരാറോ എന്ന് കണ്ടെത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ നേതൃത്വത്തി അന്വേഷണം ആരംഭിച്ചു. നാഷണൽ സൈബർ സുരക്ഷാ കോർഡിനേറ്റർ (എൻസിഎസ്സി), ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എഎഐ എന്നിവരും അന്വേഷണത്തിൽ പങ്കാളികളാവും. തെറ്റായ സിഗ്‌നലുകളുടെ ഉറവിടം കണ്ടെത്താനാണ് ശ്രമം. എയർ ട്രാഫിക് കൺട്രോൾ സാറ്റലൈറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് പരിശോധിക്കാനും അന്വേഷകർ ശ്രമിക്കുന്നുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചാരപ്പു നവംബർ 9-ന് എടിസി ടവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Also read: