ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കും അപൂർവ ജനിതക രോഗമായ എസ്എംഎ; ചികിത്സയ്ക്ക് വേണ്ടത് 50 കോടി രൂപ, സഹായം തേടി കുടുംബം
കോഴിക്കോട്: നൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ ബാധിച്ച് ജീവിതത്തോട് പൊരുതുന്ന മൂന്ന് കുരുന്നുകളുടെ ജീവൻ നിലനിർത്താൻ നാടൊരുമിക്കുന്നു. കോഴിക്കോട് മുക്കത്തിനടുത്ത് കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നീ കുരുന്നുകൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ ജീൻ തെറാപ്പിക്കും തുടർചികിത്സകൾക്കുമായി 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്കും ഒന്നിച്ച് എസ്.എം.എ ടൈപ്പ് 2 സ്ഥിരീകരിക്കുന്നതെന്നാണ് വിവരം.
ശരീരത്തിലെ പ്രോട്ടീൻ അളവ് കുറയുകയും സുഷുമ്നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾ നശിക്കുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണിത്. ഇതുവഴി പേശികളുടെ ശക്തി ക്രമേണ ഇല്ലാതാവുകയും കുഞ്ഞുങ്ങളുടെ ചലനശേഷി, വളർച്ച, ശ്വസനം എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും. നിലവിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണ് ഈ കുഞ്ഞുങ്ങൾ ചികിത്സയിലുള്ളത്. ജീൻ തെറാപ്പി സമയബന്ധിതമായി നൽകുക എന്നത് മാത്രമാണ് ഇവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം. എന്നാൽ, 50 കോടി രൂപയെന്ന ഭീമമായ തുക കണ്ടെത്തുക എന്നത് ഈ സാധാരണ കുടുംബത്തിന് അസാധ്യമാണ്.
ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ചേർന്ന് വിപുലമായൊരു ജനകീയ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂപ്പർ സൗദ ചെയർപേഴ്സണായും, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവർ രക്ഷാധികാരികളായുമാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. കുരുന്നുകൾക്ക് പുതുജീവൻ നൽകാനായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. സഹായങ്ങൾ നൽകുന്നതിനായി ഓമശ്ശേരി ഫെഡറൽ ബാങ്കിൽ ക്രൗഡ് ഫണ്ടിങ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Name: ARUN PD
Account Number: 21360100162505
Bank: Federal Bank
Branch: Omassery
IFSC: FDRL0002136