‘എപ്സ്റ്റീനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന വാദം പൊളിഞ്ഞു! മോദിയുടെ ദൂതനായി എന്ത് സന്ദേശമാണ് കൈമാറിയത്?’; എപ്സ്റ്റീനൊപ്പമുള്ള ഹർദീപ് സിംഗ് പുരിയുടെ ചിത്രങ്ങൾ പുറത്തുവന്നതിൽ കടുപ്പിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഹർദീപ് സിംഗ് പുരി നേരത്തെ നൽകിയ വിശദീകരണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കൾ, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും രാജ്യത്തോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
മുൻ വിദേശകാര്യ ഉദ്യോഗസ്ഥനായ ഹർദീപ് സിംഗ് പുരി, ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് , ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസം എന്നിവയുടെ പ്രതിനിധി സംഘത്തോടൊപ്പം 2014-നും 2017-നും ഇടയിൽ മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ വിശദീകരണം. എന്നാൽ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ താൻ ഒരിക്കലും എപ്സ്റ്റീനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന മന്ത്രിയുടെ വാദങ്ങൾ കള്ളമാണെന്ന് വ്യക്തമായതായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.
ഹർദീപ് സിംഗ് പുരി എപ്സ്റ്റീനെ തനിച്ചാണ് കണ്ടതെന്നും, ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം ആരുടെ സന്ദേശമാണ് കൈമാറിയതെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ഇത് തുടക്കം മാത്രമാണെന്നും രാജ്യത്ത് ഭരണമാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ ‘എക്സി’ൽ കുറിച്ചു. ആർ.എസ്.എസിനും വലതുപക്ഷ രാഷ്ട്രീയത്തിനും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെന്നതിന്റെ തെളിവാണിതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ വിമർശിച്ചു.
വിഷയത്തിൽ പെട്രോളിയം മന്ത്രി ഉടൻ വിശദീകരണം നൽകണമെന്ന് എൻ.സി.പി (ശരദ് പവാർ വിഭാഗം) വക്താവ് അനീഷ് ഗവാണ്ടെ ആവശ്യപ്പെട്ടു. നയതന്ത്രപരമായ ആവശ്യങ്ങൾക്കായിരുന്നു കൂടിക്കാഴ്ച എന്ന് പറഞ്ഞ് കേന്ദ്രം രക്ഷപ്പെടാൻ ശ്രമിക്കുമെന്നും, എന്നാൽ എന്ത് വിഷയമാണ് ചർച്ച ചെയ്തതെന്ന് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം അസത്യം പ്രചരിപ്പിക്കുന്ന മന്ത്രിയെ എന്തിനാണ് കേന്ദ്ര മന്ത്രിസഭയിൽ നിലനിർത്തുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയുമായി നരേന്ദ്ര മോദിയുടെ ദൂതനായി മന്ത്രി നടത്തിയ കൂടിക്കാഴ്ചകളുടെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് മഹിളാ വിഭാഗം അധ്യക്ഷ അൽക്ക ലാംബയും ആവശ്യപ്പെട്ടു.
ജനരോഷം ഭയന്നാണ് ഹർദീപ് സിംഗ് പുരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് മോദി തീരുമാനിച്ചതെന്നും അവർ ആരോപിച്ചു. നേരത്തെ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയായി, ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട ഇ-മെയിൽ ആശയവിനിമയങ്ങൾ മാത്രമാണ് നടത്തിയതെന്നും എപ്സ്റ്റീനുമായി ഒരു ഇ-മെയിൽ സന്ദേശം മാത്രമേ അയച്ചിട്ടുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പുതിയ ഫോട്ടോകൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ വലിയ നയതന്ത്ര-രാഷ്ട്രീയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.