കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ പ്രധാന കണ്ണി; പുറത്തുനിന്ന് പെൺകുട്ടികളെ എത്തിച്ചു, അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാട്
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതിൽ ഇയാൾക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പല സ്പാകളുടെ നടത്തിപ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് നിഗമനം.
ഹെൽത്ത് ഇൻസ്പെക്ടർ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നത്. വിഴിഞ്ഞത്ത് ജോലി ചെയ്യുമ്പോൾ കൈക്കൂലി ആരോപണം നേരിട്ടിട്ടുള്ള അനുരൂപ്, നിലവിൽ ഉള്ളൂർ സോണൽ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങാൻ പ്രേരിപ്പിച്ചത് അനുരൂപാണ്. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ച ശേഷമാണെന്ന് മൊഴിയുണ്ട്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, സ്പായിൽ എത്തി യുവതികളെ പീഡിപ്പിച്ചവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഇടപാടുകാരുടെ ഫോൺ നമ്പറുകൾ, ജി-പേ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ സൈബർ സംഘത്തിന് കൈമാറി. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതികൾക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിനും കേസെടുക്കും.