22/10/2026
[fontresizer_tawhidurrahmandear_widget]

‘വിയോജിക്കാനുള്ള അവകാശമുണ്ട്’; ബാബരി വിധി ‘നീതി നിഷേധം’ എന്ന് പോസ്റ്റർ പതിച്ച കേസിൽ 13 പേർക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

 ‘വിയോജിക്കാനുള്ള അവകാശമുണ്ട്’; ബാബരി വിധി ‘നീതി നിഷേധം’ എന്ന് പോസ്റ്റർ പതിച്ച കേസിൽ 13 പേർക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ബാബരി മസ്‌ജിദ്‌ കേസിലെ സുപ്രീം കോടതി വിധി നീതി നിഷേധമാണെന്ന് വിമർശിക്കുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും കുറ്റകരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. 2019-ൽ ബാബരി വിധിക്ക് പിന്നാലെ ഈ വിധിയെ വിമർശിച്ചുകൊണ്ട് മംഗളൂരുവിൽ പൊതുസ്ഥലത്ത് പോസ്റ്ററുകളും മുദ്രാവാക്യങ്ങളും പതിച്ചെന്ന കേസിൽ 13 പേർക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്.പി. സന്ദേശിന്റെ സുപ്രധാന ഉത്തരവ്.

ഒരു കോടതി വിധിയോടുള്ള വിയോജിപ്പ് രാജ്യദ്രോഹമോ സമൂഹത്തിൽ ശത്രുത വളർത്തുന്നതോ അല്ലെന്നും, ഇത് ഭരണഘടന നൽകുന്ന വിയോജിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.

ഒരു സുപ്രീം കോടതി വിധി നീതിനിഷേധമാണെന്നും അതിനെതിരെ ശബ്‌ദമുയർത്തണമെന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് ഇവർ ചുവരിൽ പതിച്ചിരുന്നത്. എന്നാൽ ഇത്തരം പരാമർശങ്ങൾ കുറ്റങ്ങളുടെ പരിധിയിൽ വരുന്നതല്ല. വിധിയോടുള്ള അതൃപ്‌തിയും വിമർശനവും പ്രകടിപ്പിച്ചു എന്നത് കൊണ്ട് മാത്രം അത് രാജ്യദ്രോഹമോ സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്‌ടിക്കാനുള്ള ശ്രമമോ ആയി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് എച്ച്.പി. സന്ദേശ് നിരീക്ഷിച്ചു.

2019-ൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ മംഗളൂരു സൗത്ത് പൊലീസാണ് പ്രതികൾക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മുദ്രാവാക്യങ്ങളാണിവയെന്നും സമൂഹത്തിൽ ശത്രുതയും അസ്വാരസ്യങ്ങളും സൃഷ്‌ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ആരോപിച്ചാണ് ഐ.പി.സി 153A (സമൂഹത്തിൽ ശത്രുത വളർത്തൽ), 295A എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

കോടതിവിധിയെ വിമർശിച്ച് പൊതുസ്ഥലത്ത് പോസ്റ്ററുകളും മുദ്രാവാക്യങ്ങളും പ്രചരിപ്പിച്ചത് സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രവൃത്തിയാണെന്നായിരുന്നു കർണാടക സർക്കാരിൻ്റെ പ്രധാന വാദം. എന്നാൽ, കോടതി ഈ വാദം തള്ളി. ഏതാനും വ്യക്തികൾക്ക് വെറുപ്പോ വിരോധമോ തോന്നിയെന്നതുകൊണ്ടുമാത്രം ഒരു വിഭാഗത്തിൽ ശത്രുത വളർത്താനുള്ള ശ്രമമായി ഇതിനെ കാണാനാകില്ലെന്നും, ഐ.പി.സി 153A പോലുള്ള വകുപ്പുകൾ ഈ കേസിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു പ്രവൃത്തി സമൂഹത്തിൽ ഉണ്ടാക്കുന്ന പൊതുവായ സ്വാധീനമാണ് വിലയിരുത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, 13 പേർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു.

Also read: