24/10/2026
[fontresizer_tawhidurrahmandear_widget]

‘ഫോട്ടോ എടുക്കാൻ പാടില്ല, രക്ഷിതാക്കൾക്കും നിയന്ത്രണം’; ശോച്യാവസ്ഥ മറച്ചുവെക്കാൻ ഗുജറാത്തിലെ സ്‌കൂളുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ബിജെപി സർക്കാർ

 ‘ഫോട്ടോ എടുക്കാൻ പാടില്ല, രക്ഷിതാക്കൾക്കും നിയന്ത്രണം’; ശോച്യാവസ്ഥ മറച്ചുവെക്കാൻ ഗുജറാത്തിലെ സ്‌കൂളുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ബിജെപി സർക്കാർ

ഗാന്ധിനഗർ: ഗുജറാത്തിലെ സർക്കാർ സ്‌കൂളുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണവും വിലക്കും ഏർപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഉൾപ്പെടെ സ്‌കൂളുകളിലും പരിസരത്തും പ്രവേശിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. സംസ്ഥാനത്തെ 46,000 വരുന്ന പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ഈ പുതിയ മാർഗനിർദേശം ബാധകമാണ്.

മുൻകൂർ അനുമതിയില്ലാതെ സ്‌കൂളുകളിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് പുതിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നത്. ഇനി അനുമതി വാങ്ങി സ്‌കൂളിലെത്തിയാൽ തന്നെ അവിടെ വെച്ച് ഫോട്ടോയോ വീഡിയോയോ പകർത്താൻ പാടില്ലെന്നും നിർദേശത്തിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഗുജറാത്തിലെ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ പുറംലോകം അറിയാതിരിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുമെന്ന് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരക്കിട്ട് ഇങ്ങനെയൊരു സർക്കുലർ പുറത്തിറക്കിയത്.

പതിറ്റാണ്ടുകളായി ബിജെപി തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നിരവധി സ്‌കൂളുകളാണുള്ളത്. ഒരൊറ്റ അധ്യാപകൻ മാത്രമുള്ള നൂറുകണക്കിന് സ്‌കൂളുകളും, പതിനായിരക്കണക്കിന് അധ്യാപക ഒഴിവുകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഈ ശോച്യാവസ്ഥകളും പാളിച്ചകളും മറച്ചുവെക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും, വിവാദ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Also read: