ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ‘നെഞ്ചുവേദന’; പോക്സോ കേസ് പ്രതിയായ വ്യവസായ പ്രമുഖൻ ആശുപത്രിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. മണിയൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വടകര സ്വദേശിയും വ്യവസായിയുമായ ചെങ്ങരോത്ത് അബ്ദുൾ റഫീഖാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മുങ്ങിയത്.
കോടതിയിൽ ഹാജരാകാനെത്തിയ പ്രതി, ജാമ്യം റദ്ദാക്കുന്ന വിധി വരുന്നതിന് തൊട്ടുമുൻപാണ് തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഇയാളെ നിരീക്ഷിക്കാൻ പൊലീസ് സംഘം ആശുപത്രിയിൽ എത്തിയപ്പോഴേക്കും റഫീഖ് അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് പതിമൂന്നുകാരിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജനുവരി 13-നാണ് റഫീഖിനെതിരെ പൊലീസ് കേസെടുത്തത്. പ്രതിക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തിയിരുന്നു. ഈ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കോടതി ജാമ്യം റദ്ദാക്കിയതും പ്രതി നാടകീയമായി രക്ഷപ്പെട്ടതും.