‘ആരോടും ശത്രുതയില്ല, എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് അറിയില്ല, ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല’; പ്രതികരണവുമായി ടൈഗർ ഷ്രോഫ്
മുംബൈ: തനിക്ക് നേരെ നടന്ന വധശ്രമത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ലെന്നും, ആരോടും യാതൊരു ശത്രുത ഇല്ലായിരുന്നുവെന്നും ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്. എന്തിനാണ് തന്നെ ആക്രമിച്ചതെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിയില്ലെന്ന് വസതിയിലെത്തിയ മുംബൈ ക്രൈം ബ്രാഞ്ച് സംഘത്തോട് നടൻ ചോദിച്ചു. സംഭവത്തിൽ ടൈഗർ ഷറോഫ് ഇതുവരെ ഔദ്യോഗികമായി പോലീസിന് മൊഴി നൽകിയിട്ടില്ല.
ഒക്ടോബർ 18-ന് വൈകുന്നേരം മുംബൈയിലെ ജുഹുവിൽ വെച്ചാണ് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന്റെ ബി.എം.ഡബ്ല്യു കാറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർത്തത്. അഞ്ചോ ആറോ തവണ വെടിവെപ്പുണ്ടായി. കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിലായിരുന്ന നടൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ഡ്രൈവർ ഫിർദൗസ് ബലോച്ച്, ഒപ്പമുണ്ടായിരുന്ന വ്ലോഗർ ഉമേഷ് ചൗഹാൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022-ൽ ഒരു സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. ‘ബോളിവുഡിൽ ഒരേയൊരു ടൈഗറേ ഉള്ളൂ, അത് സൽമാൻ ഖാനാണ്, അദ്ദേഹത്തിന് മുന്നിൽ താൻ വെറുമൊരു പൂച്ച മാത്രമാണ്’ എന്ന ടൈഗർ ഷ്രോഫിന്റെ പരാമർശമാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.