‘ഞങ്ങളായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്, ഞങ്ങളായിരുന്നു കൂടുതൽ മികച്ച ടീം, പക്ഷേ ഇത് റയൽ മാഡ്രിഡാണ്, അവർക്ക് കുറച്ച് അവസരങ്ങൾ ലഭിച്ചാൽ പോലും നിങ്ങളെ ഗോൾ അടിച്ച് തോൽപിക്കും’; എൽ ക്ലാസിക്കോ തോൽവിയിൽ പ്രതികരണവുമായി ജാവോ കാൻസെലോ
മാഡ്രിഡ്: എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തത് ബാഴ്സലോണയാണെന്ന് പ്രതിരോധ താരം ജാവോ കാൻസെലോ. റയൽ മാഡ്രിഡിനെതിരെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞുവെന്നും മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“എന്റെ കാഴ്ചപ്പാടിൽ മികച്ച ടീം ഞങ്ങളായിരുന്നു. പക്ഷേ ഇത് റയൽ മാഡ്രിഡാണ്. അവർ കുറച്ച് അവസരങ്ങൾ മാത്രമേ സൃഷ്ടിക്കാറുള്ളൂ, പക്ഷെ അത് ഗോളാക്കി മാറ്റും,” കാൻസെലോ പറഞ്ഞു. പന്ത് കൂടുതൽ നിയന്ത്രിക്കുന്നതിലും, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബാഴ്സലോണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ റയൽ മാഡ്രിഡിനേക്കാൾ കൂടുതൽ അവസരങ്ങൾ ബാഴ്സയ്ക്ക് ലഭിച്ചിരുന്നു. പരാജയപ്പെട്ടെങ്കിലും ടീം ഒറ്റക്കെട്ടാണെന്നും, അടുത്ത മത്സരത്തിൽ അലാവസിനെതിരെ വിജയിക്കുകയാണ് ലക്ഷ്യമെന്നും കാൻസെലോ വ്യക്തമാക്കി.
ബാഴ്സലോണയ്ക്ക് വേണ്ടി റാഫിന്യയാണ് ഏക ഗോൾ നേടിയത്. എന്നാൽ അവസാന നിമിഷം കിലിയൻ എംബാപ്പെ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ സീസണിൽ ബാഴ്സലോണയുടെ ആദ്യ തോൽവിയാണിത്. ശനിയാഴ്ച ക്യാമ്പ് നൗവിൽ വെച്ചാണ് ബാഴ്സലോണയും അലാവസും തമ്മിലുള്ള അടുത്ത മത്സരം നടക്കുന്നത്.