‘ദേവഗൗഡയെയും കുടുംബത്തെയും ഇല്ലാതാക്കാൻ 600 കോടിയുടെ ഗൂഢാലോചന’; ഡി.കെ ശിവകുമാറിനെതിരെ എച്ച്.ഡി കുമാരസ്വാമി
ബെംഗളൂരു: കര്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്ഗെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. ജെ.ഡി(എസ്) സ്ഥാപകൻ എച്ച്.ഡി. ദേവഗൗഡയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശിവകുമാർ 600 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പ്രധാന ആരോപണം. കൂടാതെ, സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷനിൽ തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ഹാസൻ ജില്ലയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാൻ ഉത്തരവിട്ടത് മുഖ്യമന്ത്രിയാണ്. ഇതിനായി ഡി.കെ. ശിവകുമാർ 600 കോടിയുടെ സുപാരി ക്വട്ടേഷൻ ഇടപാടടക്കം പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ട്. ഇതിൽ യാതൊരു സംശയവുമില്ല,” കുമാരസ്വാമി വ്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്റ്റിങ് ഓപ്പറേഷനിൽ പങ്കില്ലെന്നതിന് തെളിവ് നൽകിയിട്ടും കേസ് തനിക്കെതിരെ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും, ഇത്തരം നീക്കങ്ങളെ ഭയപ്പെടുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. കർണാടക പബ്ലിക് സർവീസ് കമ്മീഷൻ നിയമന അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിന്റെ ഈ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റിങ് ഓപ്പറേഷൻ അന്വേഷണം എൺപത് ശതമാനം പൂർത്തിയായെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയോട്, കെ.പി.എസ്.സി അഴിമതി കേസ് 90 ശതമാനവും മൂടിവെക്കപ്പെട്ടുവെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.
തന്റെ അനുയായികൾ ഒളിവിൽ പോയെന്ന ആരോപണവും കുമാരസ്വാമി തള്ളി. മാധ്യമപ്രവർത്തകൻ രാകേഷ് ഷെട്ടിയും കോൺഗ്രസ് നേതാവ് കൃപ ആൽവയും ചേർന്നാണ് സ്റ്റിങ് ഓപ്പറേഷൻ നടത്തിയതെന്നും, സിദ്ധരാമയ്യയും മകൻ യതീന്ദ്രയും ആരോപണവിധേയരുടെ പേരുകൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 2023-ൽ കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നടത്തിയ ഈ സ്റ്റിങ് ഓപ്പറേഷൻ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ഉപയോഗിച്ചതാണെന്നും, ശിവകുമാറിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഇതേക്കുറിച്ച് അറിയാമെന്നും കുമാരസ്വാമി ആരോപിച്ചു.