19/06/2026
[fontresizer_tawhidurrahmandear_widget]

വോട്ട് മറിച്ച് ബിജെപി-ജെഡിഎസ് എംഎൽഎമാർ? കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം

 വോട്ട് മറിച്ച് ബിജെപി-ജെഡിഎസ് എംഎൽഎമാർ? കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിഎസ് സഖ്യത്തിന് കനത്ത പ്രഹരം. പ്രതിപക്ഷ നിരയിലെ കൂട്ടത്തോടെയുള്ള ക്രോസ് വോട്ടിങ്ങിന്റെ സഹായത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥികൾ വമ്പൻ വിജയം നേടി. ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ അഞ്ചെണ്ണം കോൺഗ്രസ് തൂത്തുവാരിയപ്പോൾ ബിജെപിക്ക് രണ്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ജനതാദൾ(സെക്കുലർ) സ്ഥാനാർത്ഥി ദയനീയമായി പരാജയപ്പെട്ടു.

ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ‘വിശ്വാസവോട്ടെടുപ്പ്’ കൂടിയായി തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ ബിജെപി, ജെഡിഎസ് ക്യാമ്പുകളിൽനിന്ന് വൻതോതിൽ വോട്ടുകൾ ചോർന്നത് എൻഡിഎ സഖ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

കാണാതായത് 12 വോട്ടുകൾ; പ്രതിപക്ഷ നിരയിലെ അട്ടിമറി

കർണാടക നിയമസഭയിൽ 135 എംഎൽഎമാരുള്ള കോൺഗ്രസിന് ഔദ്യോഗിക കണക്കുകൾ പ്രകാരം നാലു സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഒരു സ്ഥാനാർത്ഥിക്ക് വിജയമുറപ്പിക്കാൻ 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ആകെ ലഭിച്ചത് 151 വോട്ടുകളാണ്. അതായത് തങ്ങളുടെ ഔദ്യോഗിക ശക്തിയേക്കാൾ 16 വോട്ടുകൾ കോൺഗ്രസ് അധികമായി നേടി.

അതേസമയം, 64 എംഎൽഎമാരുള്ള ബിജെപിയുടെ രണ്ട് സ്ഥാനാർത്ഥികൾക്കും കൂടി ലഭിച്ചത് കേവലം 56 വോട്ടുകൾ മാത്രമാണ്. ഇവിടെ എട്ട് ബിജെപി വോട്ടുകൾ ചോർന്നു. 18 എംഎൽഎമാരുള്ള ജെഡിഎസിന്റെ ഏക സ്ഥാനാർത്ഥി ഗോവിന്ദരാജുവിന് ലഭിച്ചതാകട്ടെ വെറും 14 വോട്ടുകൾ മാത്രമാണ്. ബിജെപി തങ്ങളുടെ അധികമുള്ള വോട്ടുകൾ ജെഡിഎസിന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നിട്ടും ആവശ്യത്തിന് വോട്ട് ലഭിക്കാതെ ജെഡിഎസ് സ്ഥാനാർത്ഥി തകരുകയായിരുന്നു. ചുരുക്കത്തിൽ ബിജെപിയിൽനിന്നും ജെഡിഎസിൽനിന്നുമായി ആകെ 12 വോട്ടുകളാണ് പ്രതിപക്ഷ സഖ്യത്തിന് നഷ്ടമായത്.

‘മനസ്സാക്ഷി വോട്ട്’ എന്ന് ഡി.കെ ശിവകുമാർ; അന്വേഷിക്കുമെന്ന് ബിജെപി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം കടുത്ത ആശങ്കയിലാണ്. വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് മറിച്ച് നൽകിയ അണിയറക്കാരെ കണ്ടെത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, തങ്ങൾ കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷത്തെ ചില എംഎൽഎമാർ തങ്ങളുടെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു. ബിജെപിയിൽനിന്ന് നേരത്തെ പുറത്താക്കപ്പെട്ട ശിവറാം ഹെബ്ബാർ, എസ്.ടി സോമശേഖർ എന്നിവർ കോൺഗ്രസ് നയങ്ങളോട് സഹകരിച്ചതായും, കോൺഗ്രസ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ തിപ്പണ്ണപ്പ കംക്‌നൂർ, പി.വി മോഹൻ, ബി.കെ ഹരിപ്രസാദ്, ശിവണ്ണ ബി.എസ്, വിനയ് കാർത്തിക് പ്രകാശ് എന്നിവരാണു വിജയിച്ചത്. ബിജെപിയിൽ ലിംഗരാജ് പാട്ടീൽ, രഘു ആർ എന്നിവർക്കും ജയിക്കാനായി.

വമ്പൻ വിജയത്തോടെ കർണാടക ഉപരിസഭയായ കൗൺസിലിൽ കോൺഗ്രസ് തങ്ങളുടെ ഭൂരിപക്ഷം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബിജെപി-ജെഡിഎസ് സഖ്യത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിൽ എത്തിക്കാൻ ഈ ഫലം കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: