‘വസ്ത്രം വലിച്ചുകീറി, ക്രൂരമായി ബലാത്സംഗം ചെയ്തു, രക്തസ്രാവമുണ്ടായി’; ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മിസ് സ്വിറ്റ്സർലൻഡ്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ്. 1993 നവംബറിൽ ട്രംപ് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ആരോപിച്ചിരുന്ന മോഡലാണ്, അന്ന് നടന്നത് ക്രൂരമായ ബലാത്സംഗമായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പുറത്തുവിട്ട 53 പേജുള്ള റിപ്പോർട്ടിലാണ് ട്രംപിനെതിരായ ഈ പുതിയ വെളിപ്പെടുത്തലുള്ളത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത കേസിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധവും റിപ്പോർട്ടിൽ വിശദമായി പരാമർശിക്കുന്നുണ്ട്. തൻ്റെ 24-ാം വയസ്സിൽ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ നടന്ന ഒരു സൗന്ദര്യമത്സരത്തിനിടെയാണ് അന്ന് ഹോട്ടലുടമയായിരുന്ന ട്രംപിനെ ആദ്യമായി കാണുന്നതെന്ന് മോഡൽ പറയുന്നു. അമേരിക്കൻ വിസയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ അഡ്മിഷനും വാഗ്ദാനം ചെയ്ത ട്രംപ്, ഞാൻ നിന്നെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞതായും അവർ ഓർമ്മിക്കുന്നു. ഇതിനിടെ ‘ഡോണിൻ്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്’ പറഞ്ഞ് എപ്സ്റ്റീൻ പരിചയപ്പെടുകയും മാർ-എ-ലാഗോയിലെ പാർട്ടിയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.
പിന്നീട് അറ്റ്ലാന്റിക് സിറ്റിയിലുള്ള ട്രംപിന്റെ ‘പ്ലാസ ഹോട്ടലിലെ’ മുകളിലത്തെ നിലയിലേക്ക് അദ്ദേഹത്തെ കാണാൻ മോഡലിനെ പ്രതിനിധികൾ ക്ഷണിച്ചു. മുറിയിൽ പ്രവേശിച്ചയുടൻ ട്രംപ് പിന്നിൽനിന്ന് വന്ന് ബലമായി പിടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. ഇതിനിടെ വസ്ത്രം കീറുകയും ശരീരത്തിൽ മുറിവുകളേറ്റ് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. അക്രമത്തിന് ശേഷം മോഡലിനെ കട്ടിലിന്റെ അരികിലിരുത്തിയ ട്രംപ് വിസയും അഡ്മിഷനും ശരിയാക്കാമെന്ന വാഗ്ദാനം വീണ്ടും ആവർത്തിച്ചു. ‘ദി ഷോ മസ്റ്റ് ഗോ ഓൺ’ എന്ന് പറഞ്ഞ ട്രംപ്, ഈ വിവരം പുറത്തുപറയില്ലെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിച്ചതായും ഡെമോക്രാറ്റുകളുമായുള്ള അഭിമുഖത്തിൽ മോഡൽ വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ടിലെ ആരോപണങ്ങൾ വൈറ്റ് ഹൗസ് പൂർണമായും തള്ളി. ട്രംപിന്റെ ഭരണനേട്ടങ്ങൾ കാരണം റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുന്ന ജനപ്രീതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. എന്നാൽ, എപ്സ്റ്റീനുമായുള്ള സൗഹൃദകാലത്ത് ട്രംപ് തുടർന്ന രീതിയാണിതെന്നും, മുൻപ് ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് സമാനമാണ് ഈ വെളിപ്പെടുത്തലെന്നുമാണ് ഡെമോക്രാറ്റുകളുടെ വാദം.