27/10/2026
[fontresizer_tawhidurrahmandear_widget]

‘ട്രെയിൻ യാത്രയ്ക്കിടെ പാൻട്രി കാറിലേക്ക് പോയി’; പ്രശാന്ത് കിഷോറിന്റെ സഹപ്രവർത്തകൻ വനത്തിൽ മരിച്ച നിലയിൽ

 ‘ട്രെയിൻ യാത്രയ്ക്കിടെ പാൻട്രി കാറിലേക്ക് പോയി’; പ്രശാന്ത് കിഷോറിന്റെ സഹപ്രവർത്തകൻ വനത്തിൽ മരിച്ച നിലയിൽ

റാഞ്ചി: പ്രശാന്ത് കിഷോർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടിയുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാനേജർ ദേവ്‌പാലിക് ഗുപ്‌ത(31)യെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. റാഞ്ചിയിൽ നിന്ന് പട്‌നയിലേക്കുള്ള ജനശതാബ്‌ദി എക്‌സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ഇന്നലെയാണ് സംഭവം.

യാത്ര ആരംഭിച്ച് മിനിറ്റുകൾക്കകം, പാൻട്രി കാറിലേക്ക് പോവുകയാണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗതം കുമാറിനോട് പറഞ്ഞ ശേഷമാണ് ദേവ്‌പാലിക് സീറ്റിൽ നിന്ന് മാറിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ അധികൃതരും പൊലീസും അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇതിനിടെയാണ് റാഞ്ചിക്ക് സമീപമുള്ള വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

അടുത്ത സ്റ്റോപ്പായ മുരി ജങ്ഷനിൽ ദേവ്‌പാലിക് ഇറങ്ങിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി ആർപിഎഫ് ഇൻസ്പെക്ടർ സഞ്ജീവ് സിങ് അറിയിച്ചു. ട്രെയിനിൽ നിന്ന് കാൽ തെന്നി താഴെ വീണതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, ദേവ്‌പാലിക്കിന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ജൻ സുരാജ് ദേശീയ വക്താവ് കുമാർ സൗരഭ് സിങ് ആവശ്യപ്പെട്ടു. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ചു.

Also read: