അതിഥിത്തൊഴിലാളിക്ക് റോഡരികിൽ നിന്ന് ലഭിച്ച ഫോൺ സ്റ്റേഷനിൽ നിന്നും അടിച്ച് മാറ്റി; പോലീസുകാരൻ അറസ്റ്റിൽ
കാസർകോട്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടി അതിഥിത്തൊഴിലാളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച സ്മാർട്ട് ഫോൺ മോഷ്ടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും ബദിയടുക്ക നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെയാണ് (41) അറസ്റ്റ് ചെയ്തത്. മോഷണവിവരം പുറത്തുവന്നതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിക്ക് റോഡരികിൽ നിന്നാണ് ഫോൺ ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം അത് ചന്തേര സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ഫോൺ രാമന്തളി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി. എന്നാൽ, ഫോൺ വാങ്ങാനായി ഇവരുടെ മകൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാനില്ലെന്ന വിവരം മറ്റ് ഉദ്യോഗസ്ഥർ പോലുമറിയുന്നത്. തുടർന്ന് സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഫോൺ നഷ്ടപ്പെട്ട വിവരം പങ്കുവെക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ പരിശോധനയിൽ ഫോണിന്റെ ലൊക്കേഷൻ ബദിയടുക്ക ടൗണിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നീർച്ചാൽ സ്വദേശിയായ ഒരാളെ ഫോണുമായി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ചന്തേര സ്റ്റേഷനിലെ സി.പി.ഒ ബൈജുവിൽ നിന്നാണ് ഫോൺ ലഭിച്ചതെന്ന് വ്യക്തമായത്.
സംഭവ ദിവസം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു, മേശവലിപ്പിൽ നിന്ന് ഫോൺ എടുക്കുന്നതും സിം കാർഡ് നശിപ്പിക്കുന്നതും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു. പോലീസിന്റെ സൽപ്പേരിന് തന്നെ കളങ്കമുണ്ടാക്കിയ ഈ സംഭവത്തിൽ, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.