28/10/2026
[fontresizer_tawhidurrahmandear_widget]

റേസ് കോഴ്‌സ് മസ്‌ജിദ് പൊളിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രം ഡൽഹി ഹൈകോടതിയിൽ

 റേസ് കോഴ്‌സ് മസ്‌ജിദ് പൊളിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രം ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് മസ്‌ജിദ് പൊളിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. പ്രദേശത്ത് നടക്കുന്ന മറ്റ് പൊളിക്കൽ നടപടികളുടെ ഭാഗമായുള്ള സുരക്ഷാ ആശങ്കകൾ കാരണമാണ് പള്ളിയിലേക്കുള്ള പ്രവേശനവും വൈദ്യുതി, കുടിവെള്ള ബന്ധങ്ങളും തടസ്സപ്പെട്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

മസ്‌ജിദിൽ പതിവായി ആരാധന നടത്തുന്ന സയ്യിദ് അഹമ്മദ് സൗദ് നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനീഷ് ദയാൽ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ആരാധകർക്ക് പ്രവേശനം ഉറപ്പാക്കണമെന്നും പള്ളി പൊളിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

150-ലേറെ വർഷം പഴക്കമുള്ളതും ഗ്രേഡ്-II പൈതൃക പദവിയുള്ളതുമായ മസ്‌ജിദ് 1977-ലാണ് വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തത്. ഒക്ടോബർ 7-ന് വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിച്ചതായും സ്ഥലം ഒഴിയാൻ വാക്കാൽ നിർദേശം നൽകിയതായും ഹരജിക്കാരൻ ആരോപിച്ചു. ഇത് മതം ആചരിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, ഒക്ടോബർ 19-ന് ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഡൽഹി വഖഫ് ബോർഡ് കോടതിയെ അറിയിച്ചു. വിഷയം പഠിച്ച് മറുപടി നൽകാൻ കേന്ദ്രത്തിനും വഖഫ് ബോർഡിനും നിർദേശം നൽകിയ ഹൈകോടതി, ഹരജി ഒക്ടോബർ 29-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Also read: