ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യമില്ല; ഹരജി തള്ളി ഡൽഹി ഹൈകോടതി
ന്യൂഡൽഹി: പൗരത്വ സമരം നയിച്ചതിന് വടക്ക്-കിഴക്കൻ ഡൽഹിയിൽ 2020 ലുണ്ടായ കലാപത്തിന്റെ ഗൂഢാലോചനക്കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ച ഉമർ ഖാലിദിന്റെയും ശർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ തള്ളി ഡൽഹി ഹൈക്കോടതി.
ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷകൾ തള്ളിയത്. സുപ്രീം കോടതി നേരത്തെ ജാമ്യം നിഷേധിച്ചപ്പോൾ നൽകിയിരുന്ന വ്യവസ്ഥകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംരക്ഷിത സാക്ഷികളുടെ വിസ്താരം ആരംഭിക്കുന്നതിന് മുമ്പോ, ഒരു വർഷം കഴിഞ്ഞോ മാത്രമേ പുതിയ ജാമ്യാപേക്ഷ നൽകാൻ കഴിയൂ എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സുപ്രീം കോടതി നിശ്ചയിച്ച ഈ സമയപരിധിയിൽ മാറ്റം വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
2019-ലെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 53 പേരുടെ മരണത്തിനും 700-ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഖാലിദിനും ഇമാമിനുമെതിരെ യു.എ.പി.എ ചുമത്തിയത്. ഗൂഢാലോചന കേസിൽ ആക്ടിവിസ്റ്റ് ഖാലിദ് സൈഫിയും ആപ് കൗൺസിലർ താഹിർ ഹുസൈനും ഉൾപ്പെടെ വേറെ പലരും പ്രതികളാണ്. താഹിർ ഹുസൈന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബറിലേക്ക് മാറ്റി.
യു.എ.പി.എ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെയും ശർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്തത്. ഈ കേസിൽ 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് തിഹാർ ജയിലിൽ കഴിയുകയാണ്. ഏകദേശം അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് വിചാരണ തടവുകാരനായി തുടരുന്നു. ശർജീൽ ഇമാമും 2020 ജനുവരി മുതൽ ജയിലിലാണ്. ഇതിനിടെ നിരവധി തവണ ഇരുവരും ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ മാസം സുപ്രീം കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷമോ സംരക്ഷിത സാക്ഷികളുടെ വിസ്താരം തുടങ്ങുന്നതിന് മുമ്പോ വീണ്ടും വിചാരണ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ വീണ്ടും ഹരജി നൽകിയത്.
എന്നാൽ സുപ്രീം കോടതി നിശ്ചയിച്ച ഒരു വർഷത്തെ കാലാവധി ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അതിനാൽ ഇപ്പോൾ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ചതോടെ ഇരുവർക്കും ഇനിയും ജയിലിൽ തുടരേണ്ടി വരും. ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ മാത്രമേ ഇവർക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാൻ കഴിയുള്ളൂ.