ഐസര്‍ ലൈബ്രറിയില്‍ നിന്ന് ഉമര്‍ ഖാലിദിന്റെ പുസ്തകം നീക്കം ചെയ്തു: തെറ്റിദ്ധാരണയും അസ്വസ്ഥതയും ഒഴിവാക്കാനെന്ന് വിശദീകരണം
പൂനെ: വിദ്യാർത്ഥി നേതാവും യുഎപിഎ കേസിൽ വിചാരണത്തടവുകാരനുമായ ഉമർ ഖാലിദ് രചിച്ച പുസ്തകം ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്ത് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). സമൂഹമാധ്യമങ്ങളിൽ ഉയർന്ന വലതുപക്ഷ എതിർപ്പുകൾക്ക് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐസറിന്റെ നടപടി.
‘ഫ്രാക്ചർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദ പൊളിറ്റിക്സ് ഓഫ് പവർ’ എന്ന ഉമർ ഖാലിദിന്റെ ഗവേഷണ ഗ്രന്ഥമാണ് നീക്കം ചെയ്തത്. തെറ്റിദ്ധാരണകളും അസ്വസ്ഥതകളും ഒഴിവാക്കാനാണ് മുൻകരുതൽ എന്ന നിലയിൽ പുസ്തകം പിൻവലിച്ചതെന്ന് അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളുടെയും സമിതിയുടെയും നിർദേശപ്രകാരമാണ് പ്രതിമാസം പുസ്തകങ്ങൾ ഉൾപ്പെടുത്താറുള്ളതെന്നും, വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുസ്തകം നീക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഐസർ അറിയിച്ചു.
ഉമർ ഖാലിദിന്റെ പി.എച്ച്.ഡി ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കൃതി. ഝാർഖണ്ഡിലെ സിംഗ്ഭൂം മേഖലയിൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി നടന്ന ഭരണകൂട രൂപീകരണം, കൊളോണിയൽ ഭരണം, ‘ഹോ’ ആദിവാസി സമുദായവും ഭരണകൂടവും തമ്മിലുള്ള അധികാര ബന്ധങ്ങൾ എന്നിവയാണ് പുസ്തകത്തിലെ പ്രധാന വിഷയം. ഐസർ ലൈബ്രറിയിൽ ഉമർ ഖാലിദിന്റെ പുസ്തകം ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് എക്സിൽ വന്ന പോസ്റ്റിന് പിന്നാലെയാണ് അധികൃതർ വിഷയം പരിശോധിച്ചതും പുസ്തകം നീക്കം ചെയ്തതും. തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്ന് സ്ഥാപനം വ്യക്തമാക്കി.