ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ചികിത്സയിലുള്ള മാതാവിനെ കാണാൻ അനുമതി
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ 1 മുതൽ 3 വരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള തൻ്റെ മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ഈ അനുമതി നൽകിയത്. മേയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. മാതൃസഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ഉടൻ തന്നെ ശസ്ത്രക്രിയയക്ക് വിധേയയാകാനിരിക്കുന്ന 62 വയസ്സുള്ള അമ്മയെ പരിചരിക്കാനുമാണ് അദ്ദേഹം പ്രധാനമായും ജാമ്യം തേടിയത്.
2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധങ്ങൾക്കു പിന്നാലെ തലസ്ഥാനത്തുണ്ടായ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. വൻ നാശനഷ്ടമുണ്ടാക്കിയ ഡൽഹി കലാപത്തിൽ അമ്പതോളം പേർ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്‌തിരുന്നു. അന്ന് അറസ്‌റ്റിലായ പ്രതികളാണ് ഈ കലാപത്തിന്റെ മുഖ്യ ആസൂത്രകരെന്നായിരുന്നു പൊലീസിൻ്റെ പ്രധാന വാദം. നേരത്തെ, കഴിഞ്ഞ ഡിസംബറിൽ തൻ്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഉമർ ഖാലിദിന് 14 ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു.