30/04/2026
[fontresizer_tawhidurrahmandear_widget]

നോമ്പുകാരിയെ തല്ലിക്കൊന്ന കേസിലെ പ്രതിക്ക് ജാമ്യം; മാലയിട്ട് സ്വീകരണം

 നോമ്പുകാരിയെ തല്ലിക്കൊന്ന കേസിലെ പ്രതിക്ക് ജാമ്യം; മാലയിട്ട് സ്വീകരണം

പട്‌ന: ബിഹാറിലെ മധുബനിയിൽ റംസാൻ വ്രതമനുഷ്ഠിച്ചിരുന്ന റോഷൻ ഖാത്തൂനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മഗനു സിങ്ങിന് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിക്ക് ഒരു വിഭാഗം ആൾക്കാർ വലിയ രീതിയിലുള്ള വരവേൽപ്പാണ് നൽകിയത്. പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും മാല ചാർത്തിയുമായിരുന്നു സ്വീകരണം. “മഗനു സിങ് സിന്ദാബാദ്” എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിയെ ആനയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റിലായ ഏക വ്യക്തി മഗനു സിങ്ങാണ്.

ഫെബ്രുവരി 28-ന് മധുബനിയിലെ അഹ്മി ഗ്രാമത്തിലായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ഒരു പ്രാദേശിക തർക്കത്തിൽ സഹായം തേടി ഗ്രാമത്തലവനെ സമീപിച്ച റോഷൻ ഖാത്തൂനെ ഗ്രാമത്തലവന്റെ മകനായ മഗനു സിങ്ങും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശയായ അവരെ മരത്തിൽ കെട്ടിയിടുകയും ക്രൂരത തുടരുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ റോഷൻ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മദ്യവും മൂത്രവും കലർന്ന ദ്രാവകം കുടിക്കാൻ ഇവർ നിർബന്ധിച്ചതായി ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ദേശീയതലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിലായ റോഷൻ ഖാത്തൂൻ മാർച്ച് 1-ന് പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇത്രയും ദാരുണമായ ഒരു കൊലക്കേസിലെ പ്രതിക്ക് ലഭിച്ച സ്വീകരണം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.

Also read: